എം ജി സർവകലാശാല വി സി നിയമനം; ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി സർക്കാർ ഗവർണർക്ക് പുതിയ പട്ടിക നൽകി
തിരുവനന്തപുരം: എം ജി സർവകലാശാല വെെസ് ചാൻസലർ പദവിയിലേയ്ക്ക് സ്ഥാനമൊഴിഞ്ഞ വി സി ഡോ. സാബു തോമസിന്റെ പേര് ഒഴിവാക്കി സർക്കാർ ഗവർണർക്ക് പുതിയ പട്ടിക നൽകി. മലയാളം സർവകലാശാല വി സി നിയമനത്തിനും പുതിയ പട്ടിക നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. വിരമിച്ച വി സി സാബു തോമസിന് പുനർനിയമനം നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഗവർണർ വിസമ്മതിച്ചു.
'സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഉടൻ നിയമനം ഉണ്ടാകുമെന്നാണ് പ്രതിക്ഷ. ഗവർണർക്ക് നിയമസഭ പാസാക്കിയ ബിൽ അയച്ചു നൽകിയിട്ടുണ്ട്. അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുകയാണ്. സർക്കാർ ഈ വിഷയത്തിൽ നിസ്സഹായരാണ്'- മന്ത്രി ബിന്ദു പറഞ്ഞു
വിരമിച്ച വി സിയും താരതമ്യേന ജൂനിയറായ പ്രൊഫസർമാരുമടങ്ങിയ പാനലായതിനാലാണ് സർക്കാർ നേരത്തെ നൽകിയ പട്ടിക ഗവർണർ അംഗീകരിക്കാത്തത്. സർക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണ് ഇതെന്ന് വിലയിരുത്തിയ ഗവർണർ മുതിർന്ന പ്രൊഫസർമാരടങ്ങിയ പുതിയ പാനൽ ആവശ്യപ്പെട്ടുകയായിരുന്നു.
എം.ജി സർവകലാശാലയിൽ വി.സിയില്ലാതായതോടെ, ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതടക്കം നിലച്ചു. പകരം ചുമതല ആർക്കുമില്ലാത്തതിനാൽ വാഴ്സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലാണ്. 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി.
അതേസമയം, വി.സിയുടെ ചുമതല നൽകേണ്ടത് ഗവർണറുടെ ചുമതലയാണെന്നാണ് സർക്കാർ പറയുന്നത്. മലയാളം യൂണിവേഴ്സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാൽ അവിടെയും വി.സിയില്ല. നിലവിൽ 9 വാഴ്സിറ്റികളിൽ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്.