ഡോ. ദേശമംഗലം രാമകൃഷ്ണന് പി.കേശവദേവ് സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: പി.കേശവദേവിന്റെ പേരിലുള്ള 19-ാമത് സാഹിത്യ പുരസ്‌കാരത്തിന് കവി ഡോ.ദേശമംഗലം രാമകൃഷ്ണൻ അർഹനായി. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് പി.കേശവദേവ് ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ് പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരത്തിന് കരൾ രോഗ വിദഗ്ദ്ധൻ ഡോ.സിറിയക് എബി ഫിലിപ്സ് അർഹനായി. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 7ന് വൈകിട്ട് 4.30ന് മുടവൻമുകളിലുള്ള കേശവദേവ് ഹാളിൽ നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി അവാർഡുകൾ നൽകും. മന്ത്രി ഡോ.ആർ.ബിന്ദു പങ്കെടുക്കും. മാനേജിംഗ് ട്രസ്റ്റി ഡോ.ജ്യോതിദേവ് കേശവദേവ്, അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.