19കാരിയെ പീഡിപ്പിച്ച് ചുരത്തിൽ തള്ളി ; പ്രതിക്കായി അന്വേഷണം
കോഴിക്കോട്:കോളേജ് വിദ്യാർത്ഥിയായ 19 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിൽ ഉപേക്ഷിച്ചു. അവശയായ പെൺകുട്ടിയെ വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെചുരത്തിലെ ഒൻപതാം വളവിലാണ് പൊലീസ് കണ്ടെത്തിയത്.
പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെ വെെദ്യ പരിശോധനയിൽ സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
താമരശേരി സ്വകാര്യ കോളേജിന് സമീപത്തെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാർത്ഥിനി മേയ് 30 ന് വെെകീട്ട് 3.30ഓടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. അടുത്ത ദിവസം പെൺകുട്ടിയെ ക്ലാസിൽ കാണാത്തതിനാൽ കോളേജിൽ നിന്ന് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. താമസിച്ചിരുന്ന വീട്ടിൽ ബന്ധപ്പെട്ടപ്പോൾ പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെന്നാണ് മറുപടി ലഭിച്ചത്. മകളെ വിളിച്ചിട്ട് കിട്ടാതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. താമരശേരി ഡിവെെ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
സൗഹൃദം നടിച്ച് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി എറണാകുളമടക്കം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് ലഹരി നൽകിയെന്നും സൂചനയുണ്ട്.
തന്നെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. വയനാട് സ്വദേശിയായ പ്രതി ഇതേ പോലെ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചതായി സംശയമുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നും സൂചനയുണ്ട്.
പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.