ലഹരിമരുന്ന് കടത്ത്: പ്രതി സുബൈർ ജാമ്യാപേക്ഷ നൽകി

Saturday 03 June 2023 12:00 AM IST

കൊച്ചി: അറബിക്കടലിൽ നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്നു പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതി സുബൈർ ദെരക്ഷാൻദെ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ലഹരിമരുന്നു കടത്തുമായി തനിക്കു ബന്ധമില്ലെന്നും അഭയാർത്ഥിയായാണ് എത്തിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

ഇന്ത്യൻ നാവിക സേനാ വിഭാഗം മേയ് പത്തിനാണ് ഉൾക്കടലിൽ നിന്ന് സുബൈറിനെ പിടികൂടിയത്. മേയ് 13ന് കൊച്ചി ജെട്ടിയിലെത്തിച്ചാണ് ഇയാളെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് (എൻ.സി.ബി) നാവിക സേന കൈമാറിയത്. സുബൈർ സഞ്ചരിച്ചിരുന്ന കപ്പലിൽ 132 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 2525.675 കിലോഗ്രാം ലഹരിമരുന്നും എൻ.സി.ബിക്ക് കൈമാറിയിരുന്നു. എന്നാൽ ഇയാൾ സഞ്ചരിച്ചിരുന്ന കപ്പലിന്റെ പേരെന്തെന്നോ എവിടെ വച്ചാണ് ഇയാളെ പിടികൂടിയതെന്നോ വ്യക്തമാക്കിയിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു. ഇന്ത്യൻ സമുദ്രാതിർത്തിക്കു പുറത്തു നിന്നാണ് സുബൈറിനെ പിടികൂടിയതെന്നും ലഹരിമരുന്നു കടത്തിൽ ഇയാൾക്ക് ബന്ധമുണ്ടെന്നത് കെട്ടിച്ചമച്ച കഥയാണെന്നും ആരോപിക്കുന്നു. അടുത്തദിവസം ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചേക്കും.