പാൽ കവർ വെറുതേ കളയേണ്ട, പരിസ്ഥിതി പാഠം പകർന്ന് ലീലാമ്മ

Saturday 03 June 2023 2:03 AM IST
മിൽമ പാൽ കവർ കൊണ്ടുണ്ടാക്കിയ വസ്തുക്കൾക്കരികെ ലീലാമ്മ

തൃശൂർ: പ്രാർത്ഥനയ്ക്കും കല്യാണത്തിനുമൊക്കെ പോകുമ്പോൾ അടൂർ മണക്കാല വെള്ളക്കുളങ്ങര വാഴുവേലി പുത്തൻവീട്ടിൽ ലീലാമ്മയുടെ തോളിൽ തൂങ്ങിയ ബാഗിലാണ് എല്ലാവരുടെയും കണ്ണ്. ബാഗിന്റെ രഹസ്യം വെളിപ്പെടുത്തുമ്പോൾ എല്ലാവരും അന്തംവിടും. തങ്ങൾ വലിച്ചെറിയുന്ന മിൽമ പാൽകവർ കൊണ്ടാണ് ബാഗ് നിർമ്മിച്ചിട്ടുള്ളത്. ആറ് കൊല്ലം മുമ്പാണ് ലീലാമ്മ, മിൽമ കവർ കൊണ്ട് പഴ്‌സ്, ബാഗുകൾ, അലമാര, ബാസ്‌കറ്റ്, അലക്കാനുള്ള തുണിയിടാൻ കുട്ട, പഴക്കൂട എന്നിവയുണ്ടാക്കിത്തുടങ്ങിയത്.

എന്തും ഒറ്റനോട്ടത്തിൽ പഠിക്കുന്ന ലീലാമ്മ ആറാം ക്‌ളാസിലായിരുന്നപ്പോൾ തയ്യൽ പഠിച്ചു. മുത്ത് കൊണ്ടുള്ള വസ്തുക്കളുമുണ്ടാക്കി. എംബ്രോയ്ഡറിയുമറിയാം. അതേ ഉത്സാഹം ഇന്ന് എഴുപതാം വയസിലും മിന്നിനിൽക്കുന്നു. അതിനാലാണ് മിൽമ പാൽ കവറും പാഴാക്കാത്തത്. സൂക്ഷിച്ചുവച്ച് കുറച്ചെണ്ണമായപ്പോൾ വെട്ടി മെടഞ്ഞ് ടവ്വൽ പോലെയാക്കി. മടക്കിത്തുന്നി സിപ്പും തൂക്കാൻ വള്ളിയും പിടിപ്പിച്ചു: കവർ ബാഗ് റെഡി !

ബാഗുണ്ടാക്കിയ വിവരം, ബന്ധു മിൽമയെ അറിയിച്ചപ്പോൾ തിരുവനന്തപുരത്ത് മന്ത്രി ചിഞ്ചുറാണിയുടെ ആദരവും ലഭിച്ചു.

ഇന്നലെ വെറ്ററിനറി സർവകലാശാല ഡെയറി സയൻസ് കോളേജിൽ ലോക ക്ഷീരദിനാഘോഷത്തിൽ അനുഭവം പങ്കുവയ്ക്കാനെത്തി. പ്‌ളാസ്റ്റിക് കവറുകൾ വലിച്ചെറിയാതെ വീട്ടുപകരണങ്ങളാക്കാമെന്ന പാഠം ലീലാമ്മ പങ്കുവച്ചു.

അടൂരിലെ സ്വകാര്യ സ്‌കൂളിൽ ആഴ്ചയിൽ മൂന്ന് ദിവസം വീതം രണ്ട് കൊല്ലം ക്രാഫ്റ്റ് പഠിപ്പിച്ചിരുന്നു.

ഭർത്താവ്: കെ.ജി.മാത്യു. മക്കൾ: മിനു മാത്യു, ബിനോയ് മാത്യു.

4,150 കവറിൽ അലമാര

ഉണ്ടാക്കിയവയിൽ വലുത്, 4,150 മിൽമ കവർ കൊണ്ട് അഞ്ച് മാസമെടുത്ത് നിർമ്മിച്ച അഞ്ചരയടിയുള്ള അലമാരയാണ്. പരിസരവാസികളിൽ നിന്നും കവർ ശേഖരിച്ചു. വെൽഡറുടെ സഹായത്തോടെ ചട്ടക്കൂടുണ്ടാക്കി. തുടർന്ന് കവർ വീതിയിൽ വെട്ടി നെയ്തു. ഭാരം വളരെ കുറവാണ്. ചക്രം ഘടിപ്പിച്ചതിനാൽ ഉരുട്ടി മാറ്റാം.

ഉണ്ടാക്കാൻ ധാരാളം സമയം വേണമെങ്കിലും മടുപ്പില്ല. ചിലവ വിൽക്കും. കുടുംബശ്രീയോ മറ്റോ ഈ രീതി ഏറ്റെടുത്താൽ നന്നായിരുന്നു.

ലീലാമ്മ.