അരിക്കൊമ്പന് വനത്തിൽ അരി എത്തിച്ച് തമിഴ്‌നാട്

Saturday 03 June 2023 2:09 AM IST

കമ്പം: അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാനും ക്ഷീണിതനായ കൊമ്പന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി വനത്തിൽ അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് തമിഴ്നാട് വനം വകുപ്പ്. ശർക്കര, പഴക്കുല എന്നിവ അടക്കമാണ് അരിക്കൊമ്പൻ ഇപ്പോഴുള്ള റിസർവ് വനത്തിൽ എത്തിച്ചതെന്ന് കമ്പം എം.എൽ.എ എൻ.രാമകൃഷ്ണൻ അറിയിച്ചു. പലയിടങ്ങളിലായാണ് ഇവ വച്ചത്.

കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ അരിക്കൊമ്പൻ ക്ഷീണിതനായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായതല്ലെന്നും എം.എൽ.എ പറഞ്ഞു. സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതുകൊണ്ട് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് മുറിവ് ഉണ്ടായതാകാം.

അതേസമയം, വന്യമൃഗങ്ങൾക്ക് ആഹാരം നൽകുന്നത് വന്യജീവി നിയമപ്രകാരം കുറ്റകരമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ തന്നെ ഇത് ചെയ്യുന്നതിനെതിരെ പ്രതിഷേധവുംഉയർന്നിട്ടുണ്ട്. ഇത് എത്തിച്ചു നൽകിയാൽ വനത്തിലെ തീറ്റ എടുക്കുന്നതിൽ ആന മടി കാട്ടും. വനത്തിലെ മറ്റ് ജീവികളും ഇത് ആഹാരമാക്കുമെന്നും ഇതിന്റെ രുചി പിടിച്ച് അവയും നാട്ടിലിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും ഇതിനെ എതിർക്കുന്നവർ പറയുന്നു.

ജി.പി.എസ് സിഗ്നൽ പ്രകാരം മേഘമല ഷൺമുഖ നദീ തീരത്ത് ചുറ്റിക്കറങ്ങുകയാണ് ഇപ്പോൾ അരിക്കൊമ്പൻ. നാലു ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. വ്യാഴാഴ്ച രാത്രി വനത്തിലെ തോട്ടത്തിലെ വാഴ തിന്നു. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

അരിക്കൊമ്പൻ

സാധുവെന്ന് മന്ത്രി

അരിക്കൊമ്പൻ ആക്രമണകാരിയല്ലെന്നും സാധുവായ കാട്ടാനയാണെന്നും തമിഴ്‌നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി കുമിളിയിൽ പറഞ്ഞു. അതിനെ പ്രകോപിപ്പിച്ചാലേ ഉപദ്രവകാരിയായി മാറൂ. അരിക്കൊമ്പൻ ദൗത്യം തുടരും. രണ്ടു ഷിഫ്‌റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. അരിക്കൊമ്പൻ വനത്തിന് പുറത്തിറങ്ങാതെ മയക്കുവെടി വയ്‌ക്കേണ്ടെന്നാണ് തീരുമാനം.