ഭൂമിയുടെ ന്യായവില വർദ്ധന, ആധാരം രജിസ്ട്രേഷനിലും വരുമാനത്തിലും ഇടിവ്

Saturday 03 June 2023 2:21 AM IST

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില വർദ്ധന നിലവിൽവന്നതോടെ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ആധാര രജിസ്ട്രേഷൻ കുത്തനെ കുറഞ്ഞു. അതിനനുസരിച്ച് രജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായി. ഏപ്രിൽ ഒന്നുമുതൽ ന്യായവില 20 ശതമാനമാണ് വർദ്ധിപ്പിച്ചത്. അത് മുന്നിൽകണ്ട് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആധാരം രജിസ്‌ട്രേഷന് വൻതിരക്കായിരുന്നു.

മാർച്ചിൽ 950.37 കോടിയായിരുന്നു വരുമാനം. ഏപ്രിലിൽ അത് 329.68ഉം മേയിൽ 392.20 കോടിയുമായി കുറഞ്ഞു. ന്യായവില വർദ്ധിപ്പിച്ചപ്പോൾ അതിന് ആനുപാതികമായി വരുമാനം കൂടേണ്ടതാണെങ്കിലും ആധാരങ്ങളുടെ എണ്ണം കുറഞ്ഞതാണ് തിരിച്ചടിയായത്.

ഫെബ്രുവരിയിൽ 85,000, മാർച്ചിൽ 1,37,906 ആധാരങ്ങൾ രജിസ്റ്രർ ചെയ്തിരുന്നു. ഏപ്രിലിൽ ഇത് 57,751 ആയി കുറഞ്ഞു. മേയിൽ 77,557ഉം. വിലയാധാരത്തിലാണ് വലിയ കുറവുണ്ടായത്. മഴക്കാലമായതിനാൽ ജൂൺ, ജൂലായ് മാസങ്ങളിലും ഇതേ അവസ്ഥ തുടരാനാണ് സാദ്ധ്യത.

എറണാകുളം ജില്ലയാണ് വരുമാനത്തിൽ മുന്നിൽ. ഏപ്രിലിൽ 68.58 കോടി. മേയിൽ 81.42. തൊട്ടുപിന്നിൽ തിരുവനന്തപുരം- യഥാക്രമം 56.77, 50.22 കോടി. വയനാട്ടിലാണ് ഏറ്റവും കുറവ് വരുമാനം. എപ്രിലിൽ 6.35 കോടി, മേയിൽ 6.78. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കൂടിയ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2022-23 സാമ്പത്തിക വർഷം 5,662.12 കോടിയുടെ റെക്കാഡ് വരുമാനം വകുപ്പിന് ലഭിച്ചിരുന്നു.

രജിസ്റ്റർ ചെയ്ത ആധാരങ്ങൾ

85,000

ഫെബ്രുവരിയിൽ

1,37,906

മാർച്ചിൽ

57,751

ഏപ്രിലിൽ

77,557

മേയിൽ

Advertisement
Advertisement