ഇനി വെറും മിനിട്ടുകൾ മതി മലയാളികൾക്ക് തമിഴ്‌നാട്ടിലെത്താം; ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം, യാത്രക്കാർക്കായി റോഡ് തുറന്നുകൊടുത്തു

Saturday 03 June 2023 8:04 AM IST

കോവളം: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗതാഗതത്തിനായി തുറന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡ് കാണാൻ യാത്രക്കാരുടെ തിരക്ക്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കാരോട് വരെ വാഹനങ്ങൾക്ക് ഇനിമുതൽ തടസമില്ലാതെ യാത്രചെയ്യാം. റോഡിന്റെ അവസാനഘട്ട നിർമ്മാണം വ്ലാത്താങ്കരയിലാണ് പൂർത്തിയായത്.

കോവളം ജംഗ്ഷനിൽ നിന്ന് കാരോട് ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കാൻ ഇനി 20 മിനിട്ട് മാത്രം മതി. 16.05 കി.മീ ദൂരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ കോൺക്രീറ്റ് പാതയാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. തമിഴ്‌നാട്ടിൽനിന്ന് കാരോട് എത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിൽ കയറിയാൽ ഒരുമണിക്കൂർ കൊണ്ട് കഴക്കൂട്ടത്തെത്താം.

ഔദ്യോഗിക ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും സർവീസ് റോഡുകൾ, സിഗ്നൽ ലൈറ്റുകൾ, വൈദ്യുത വിളക്കുകൾ തുടങ്ങിയവ പലയിടത്തും സ്ഥാപിച്ചിട്ടില്ലെന്ന പോരായ്‌മയുണ്ട്. ബൈപ്പാസിന്റെ ആദ്യഘട്ടം മുക്കോലവരെ വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയെങ്കിലും വൈകിയാണ് തുറന്നത്. തുടർന്ന് രണ്ടാംഘട്ടമായി പുന്നക്കുളത്തെ നിർമാണം പൂർത്തിയാക്കി. പിന്നീട് പഴയകട മണ്ണക്കല്ലുവരെയും അവസാനഘട്ടത്തിൽ മണ്ണക്കല്ലുമുതൽ കാരോട് വരെയുമാണ് തുറന്നത്. നേരത്തെ റോഡ്‌ പൂർണമായും തുറക്കാതെ തിരുവല്ലത്ത്‌ ടോൾ പിരിവ്‌ ആരംഭിച്ചത് പ്രതിഷേധത്തിന്‌ കാരണമായിരുന്നു.

യാത്രക്കാർക്ക് ആശ്വാസം

-----------------------------------------------

ബൈപ്പാസ് വഴി കാരോട് എത്തുന്നവർക്ക്‌ പാറശാലയിലേക്കും കളിയിക്കാവിളയിലേക്കും എളുപ്പത്തിലെത്താനാകും. തുടർന്ന് സർവീസ് റോഡുവഴി സഞ്ചരിച്ച് കളിയിക്കാവിള-പൂവാർ റോഡിലെത്താം. ഇവിടെ നിന്ന്‌ ഇടതുവശത്തേക്ക് തിരിഞ്ഞ് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ നേരെ കന്യാകുമാരി റോഡിൽ കളിയിക്കാവിള പി.പി.എം ജംഗ്ഷനിലെത്തിച്ചേരാം. പാറശാല ഭാഗത്തേക്ക് പോകേണ്ടവർ കളിയിക്കാവിള-പൂവാർ പാതയിൽ ഇടതുഭാഗത്തേക്ക് രണ്ട് കിലോമീറ്റർ സഞ്ചരിച്ചശേഷം കടുവാക്കുഴി കവലയിൽ നിന്ന് ഇടതുഭാഗത്തേക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പാറശാല ആശുപത്രി ജംഗ്ഷനിലെത്തിച്ചേരാം. രണ്ട് വർഷത്തിനുള്ളിൽ റോഡ് പൂർണമായും പൂർത്തിയായാൽ കോവളത്തുനിന്ന് കന്യാകുമാരിയിലേക്ക് ഒന്നരമണിക്കൂറിലെത്താം.

 കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നീളം - 43 കിലോമീറ്റർ

 ആദ്യഘട്ടത്തിന് ചെലവ് 669 കോടി രൂപ

 രണ്ടാം ഘട്ടത്തിന് 495