ചരക്ക് വാഹനങ്ങൾക്ക് കളർ കോഡ് ഒഴിവാക്കി, മഞ്ഞ മാത്രമല്ല ഇനി ഏത് നിറവും ഉപയോഗിക്കാം; പക്ഷേ ഓറഞ്ച് പറ്റില്ല

Saturday 03 June 2023 10:42 AM IST

തിരുവനന്തപുരം: ചരക്ക് വാഹനങ്ങൾക്ക് കളർകോഡ് ഒഴിവാക്കി ഗതാഗത വകുപ്പ്. ചരക്ക് വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞ നിറം വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതൽ ഓറഞ്ച് ഒഴികെയുള്ള ഏത് നിറം വേണമെങ്കിലും ഉപയോഗിക്കാം.


രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കാണാൻ കഴിയുമെന്നതിലായിരുന്നു ചരക്ക് വാഹനങ്ങൾക്ക് മഞ്ഞ നിറം നിർബന്ധമാക്കിയത്. നേരത്തെ ഓൾ ഇന്ത്യാ പെർമിറ്റ് വാഹനങ്ങൾക്ക് കളർകോഡ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഭേദഗതിയുണ്ടായി. ഇത് സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാനവും മഞ്ഞ നിറം ഒഴിവാക്കിയത്.


വെളിച്ചം പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ വാഹനങ്ങൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നൽകാൻ സംസ്ഥാന സർക്കാർ മുൻപ് തീരുമാനമെടുത്തിരുന്നു. പെട്ടെന്ന് കണ്ണിൽപ്പെടുന്ന നിറമായതുകൊണ്ടാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.