ഹലോ പൊലീസ് സ്റ്റേഷനല്ലേ, സോറി ഈ നമ്പർ നിലവിലില്ല; ഒരു വർഷത്തിലേറെയായി ഗതികെട്ട് കുട്ടനാട്ടുകാർ
കുട്ടനാട് : പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് (0477 2702222) വിളിച്ചാൽ ഒന്നുകിൽ തിരക്ക്. അല്ലെങ്കിൽ 'ഈ നമ്പർ നിലവിലില്ലെന്നാകും' മറുപടി. ഒരു വർഷത്തിലേറെയായി ഇവിടെ ഫോൺ വർക്ക് ചെയ്യുന്നില്ലെങ്കിലും ഇതുവരെ നന്നാക്കിയെടുക്കാൻ ആർക്കും താത്പര്യമില്ല.
സ്റ്റേഷൻ പരിധിയിൽ എന്തെങ്കിലും അപകടങ്ങളോ സംഭവങ്ങളോ ഉണ്ടാവുകയാണെങ്കിൽ അറിയിക്കാൻ മാർഗമില്ലാതെ വലയുകയാണ് നാട്ടുകാർ. ഓഫീസർമാരുടെ മൊബൈൽ ഫോൺ നമ്പർ തപ്പിയെടുത്തു വേണം വിവരമറിയിക്കാൻ. കൈനകരി , പുളിങ്കുന്ന് ചമ്പക്കുളം പഞ്ചായത്തുകൾക്ക് പുറമെ കുട്ടനാടിന്റെ വിശാലമായ കായൽമേഖലയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ സ്റ്റേഷന്റെ പരിധിയിൽപ്പെടുന്നതാണ്. കഴിഞ്ഞദിവസത്തെ ഹൗസ്ബോട്ട് അപകടം പോലെയുള്ള സംഭവങ്ങൾ ഉണ്ടായാൽ, സ്റ്റേഷനിൽ വിവരം അറിയിക്കാനും അടിയന്തര സഹായങ്ങൾ ലഭിക്കാനുമുള്ള സാഹചര്യമില്ലാത്തത് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
പ്രദേശത്തുണ്ടാകുന്ന പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിക്കാനായി ഓഫീസർമാരെ മൊബൈലിൽ വിളിക്കുമ്പോൾ അവർ സ്ഥലത്തില്ലെങ്കിൽ ആവശ്യക്കാർ നേരിട്ടെത്തുക മാത്രമേ നിവൃത്തിയുള്ളൂ. ഏറെ ദൂരം സഞ്ചരിച്ചാണ് ഇങ്ങനെ പലരും എത്തുന്നത്.