സിനിമയിൽ ഇടമുണ്ട്, ആദ്യമായി പൊലീസ് വേഷം അവതരിപ്പിച്ച് ചിന്നു ചാന്ദിനി
വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ചിന്നു ചാന്ദിനി. ജാക്സൺ ബസാർ യൂത്ത് സിനിമയിലൂടെ ആദ്യമായി പൊലീസ് വേഷം. പ്രൊബേഷൻ എസ് . എെ ഷഫ്ന എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
മമ്മൂട്ടിയുടെ കാതൽ സിനിമയിൽ വക്കീൽ വേഷം.ആദ്യമായാണ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്. മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്ന താനാരാ റിലീസിന് ഒരുങ്ങുന്നു.ആഗസ്റ്റിലും സെപ്തംബറിലുമായി രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നു.പുതിയ വിശേഷങ്ങൾ ചിന്നു ചാന്ദിനി പങ്കുവയ്ക്കുന്നു
തമാശയിൽ നിന്ന് ജാക്സൺ ബസാർ യൂത്ത് വരെ ഇടവേളകൾ ഉണ്ടാകുന്നുണ്ടല്ലോ ?
ഇടവേളകളൊന്നും പ്ലാൻ ചെയ്യുന്നതല്ല. സംഭവിക്കുന്നതാണ്. തമാശ കഴിഞ്ഞ് അധികം സിനിമകൾ ചെയ്തില്ല. ശരികേടുകളെ തിരുത്തിയെഴുതിയ സിനിമയായിരുന്നു തമാശ. അതിനാൽ കഥാപാത്രങ്ങളുടെ പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചു ചിന്തിച്ച് പല സിനിമകളും ഞാൻ വേണ്ടന്നുവച്ചു. അതിനു ശേഷം കോവിഡ് കാലം . ഞാൻ ചെയ്യാനിരുന്ന രണ്ടു സിനിമകൾക്ക് കാലതാമസം വന്നു. ഒരുപാട് ആളുകൾ ചേരുന്ന സൃഷ്ടിയാണ് സിനിമ. അതുകൊണ്ട് ഒന്നും എന്റെ കൈയിലല്ല. ഈ വർഷം കുറച്ചധികം ചിത്രങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം.
ഇടവേളകൾ ഉണ്ടാകുമ്പോൾ പ്രേക്ഷകർ മറന്നുപോകില്ലേ ?
പ്രേക്ഷകർ മറക്കും എന്ന പേടി എനിക്കില്ല. ഇതുവരെ ചെയ്ത സിനിമകളെല്ലാം നല്ലതാണ്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളും മികച്ചതാണ്. ആ സിനിമകളുടെയും പ്രമേയത്തിന്റെയും ശക്തി കാരണം പ്രേക്ഷകർ എന്നെ മറക്കുമെന്ന് വിചാരിക്കുന്നില്ല. നല്ല സിനിമകൾ ചെയ്യണമെന്നതാണ് തീരുമാനം. പലപ്പോഴും സിനിമകൾ ഷൂട്ട് ചെയ്ത് കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് റിലീസ് ചെയ്യുന്നത്. മുമ്പ് ചെയ്ത രണ്ട് സിനിമകളും ഷൂട്ട് ചെയ്ത്ഒ രു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ജാക്സൺ ബസാർ യൂത്ത് ഏഴ് മാസത്തോളമെടുത്തു. നല്ല കഥാപാത്രങ്ങൾ എപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ടാകും. അനുരാഗ കരിക്കിൻ വെള്ളത്തിലെ ജാസു, തമാശയിലെ ചിന്നു എന്ന് ഇപ്പോഴും എന്നെ ആളുകൾ വിളിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ഓർത്തുവെയ്ക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെന്ന് വിശ്വാസിക്കുന്നു.
അനുയോജ്യമായ കഥാപാത്രങ്ങൾ എത്തിച്ചേരുന്നതിൽ തടസമുണ്ടോ ?
ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം എനിക്ക് ഇഷ്ടപെട്ട് ചെയ്തതാണ്. ഒരു പൊലീസ് ഓഫീസറിന്റെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഒരു സിനിമയുടെ ലൊക്കേഷനിൽ പൊലീസ് ഓഫീസർ കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ ശരീരപ്രകൃതം ഒരു പ്രശ്നം ആണെന്ന രീതിയിൽ ചർച്ച വന്നു. തൊട്ടടുത്ത സിനിമയിൽ തന്നെ പൊലീസ് വേഷം ചെയ്യാനായത് ഒരു കാവ്യനീതിയായി കണക്കാക്കുന്നു. ഇത്തരം ചെറിയ മാറ്റങ്ങൾ എന്നെപോലെ ഉള്ളവർക്ക് സിനിമാ മേഖലയിൽ ഒരു ഇടം തരുന്നു. കാതൽ സിനിമയുടെ ഓഡിഷൻ നടത്താൻ ജിയോ ബേബി വിളിച്ചത് എന്നാണ് ഞാൻ കരുതിയത്. അവിടെയെത്തിയപ്പോൾ എന്റെ പേര് നിർദ്ദേശിച്ചത് മമ്മുക്കയാണ് എന്ന് അറിഞ്ഞു. അതെന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ മമ്മുക്ക കാണുന്നുമ്ട്. ഞാൻ എന്നൊരു വ്യക്തി ഈ മേഖലയിലുണ്ട് എന്നത് എന്നെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണ്. ശരിക്കും എനിക്ക് അതൊരു നേട്ടമാണ്.
കാതലിൽ മമ്മുക്കയുടെ കൂടെയാണ് എന്റെ ഭൂരിഭാഗം സീനുകളും . കുറച്ച് രംഗങ്ങൾ ജ്യോതികയുടെ കൂടെയും.
ഫോറെവർ യുവേഴ്സ് മ്യൂസിക് വീഡിയോയുടെ ഭാഗമായല്ലോ?
സംവിധായിക പാർവതി എസ് .കുമാർ ആണ് എന്നെ വിളിച്ചത്. ഇമെയിൽ അയയ്ക്കു കയും ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെടുകയും ചെയ്തു. പ്രണയത്തെയും നഷ്ടബോധത്തെയും പ്രമേയമാക്കിയാണ് മ്യൂസിക് വീഡിയോ ചെയ്യുന്നതെന്നും ശ്വേത മോഹനും കലേഷും ഭാഗമാകുമെന്നും പറഞ്ഞു. ഒരു സംവിധായികയുടെ കൂടെ ഇതിനുമുമ്പ് ജോലി ചെയ്തിട്ടില്ലായിരുന്നു. അതുകൊണ്ട് എനിക്കതിൽ അഭിനയിക്കാൻ താത്പര്യമായിരുന്നു. ബംഗ്ളൂരുവിലെ റോഡിലൂടെ ബൈക്ക് ഓടിച്ചതെല്ലാം നല്ലൊരു അനുഭവമായിരുന്നു.