കാലവർഷം ഇന്ന് എത്തിയേക്കും

Sunday 04 June 2023 12:03 AM IST

തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് സംസ്ഥാനത്ത് എത്തിയേക്കും.നിലവിൽ കാലവർഷം ലക്ഷദ്വീപിൽ മിനിക്കോയ് ദീപിൽ എത്തി. ഇന്ന് കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വൈകുമോ എന്ന ആശങ്കയുമുണ്ട്. ലക്ഷദ്വീപിൽ എത്തിയെങ്കിലും മുന്നേറാനുള്ള അനൂകൂല സാഹചര്യമുണ്ടോയെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മഴ തീരെ കുറവായിരുന്നു. ശ്രീലങ്കയിൽ പത്ത് ദിവസം വൈകിയാണ് കാലവർഷം തുടങ്ങിയത്.

അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും അന്തരീക്ഷച്ചുഴികൾ കാലവർഷത്തെ സ്വാധീനിക്കും. തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെടും. രണ്ടുദിവസത്തിനകം ന്യൂനമർദ്ദമാകാനാണ് സാദ്ധ്യത. ന്യൂനമർദ്ദം തീരത്തുനിന്ന് അകന്നാണ് പോകുന്നതെങ്കിൽ കാലവർഷത്തിന്റെ തുടക്കം ദുർബലമാവും. തീരത്തോട് അടുത്താണെങ്കിൽ തുടക്കം കനക്കുമെന്നും വിലയിരുത്തുന്നുണ്ട്. കാലവർഷമെത്തിയാൽ മദ്ധ്യ,​ തെക്കൻ ജില്ലകളിലായിരിക്കും കൂടുതൽ മഴ സാദ്ധ്യത.