ഓണറേറിയമില്ല, അലവൻസില്ല, സ്കൂൾ പാചകത്തൊഴിലാളികൾക്ക് കണ്ണീര്

Sunday 04 June 2023 12:08 AM IST

തൃശൂർ: പുതിയ അദ്ധ്യയന വർഷം പിറന്നിട്ടും കഴിഞ്ഞ വർഷത്തെ ഓണറേറിയം കുടിശികയും അവധിക്കാല അലവൻസും ലഭിക്കാതെ സ്‌കൂൾ പാചകത്തൊഴിലാളികൾ. മാർച്ച് മാസത്തെ ഓണറേറിയം ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ടായിരം രൂപ വീതമാണ് അവധിക്കാല അലവൻസ്.

മുൻ വർഷങ്ങളിലും അവധിക്കാല അലവൻസ് കൃത്യമായി കിട്ടിയിരുന്നില്ല. 2016ൽ മിനിമം കൂലി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപ്പായിട്ടില്ല. വിരമിക്കൽ ആനുകൂല്യം നൽകുമെന്ന 2017ലെ വാഗ്ദാനവും ജലരേഖയായി. 2018 -19ലെ ദേശീയ വർക്ക് പ്‌ളാനിൽ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതും നടപ്പായിട്ടില്ല.

കഴിഞ്ഞ അദ്ധ്യയന വർഷവും ഓണറേറിയം കുടിശിക ശക്തമായ സമരത്തെ തുടർന്നാണ് നൽകിയത്. കേന്ദ്രവിഹിതം കിട്ടുന്നതിലുള്ള കാലതാമസമാണ് കാരണമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്.

കുടിശിക നൽകിയപ്പോൾ, തുടർന്നുള്ള വിതരണം കൃത്യമായി നടക്കുമെന്ന് പറഞ്ഞത് വെറും വാക്കായെന്ന് തൊഴിലാളികൾ ആരോപിച്ചു. പ്രക്ഷോഭം നടത്തിയാലേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന സ്ഥിതി ദയനീയമാണെന്ന് സംഘടനകൾ പറയുന്നു.

കണക്കിൽ സഹായികളില്ല

500 വിദ്യാർത്ഥികൾക്ക് ഒരു പാചകത്തൊഴിലാളിയെന്നാണ് വ്യവസ്ഥയെങ്കിലും സഹായികളില്ലാതെ ഉച്ചഭക്ഷണം തയ്യാറാക്കാനാകില്ല. രണ്ടായിരം കുട്ടികൾ വരെയുള്ള സ്‌കൂളുകളുണ്ട്. അതിനാൽ പാചകത്തൊഴിലാളികൾ സ്വന്തം ചെലവിൽ സഹായികളെ വയ്ക്കും. സഹായികൾക്കുള്ള പ്രതിഫലം കിഴിച്ചാൽ ഇവർക്കുള്ളത് തുച്ഛവരുമാനമാണ്.

കണക്ക് ഇങ്ങനെ

പാചകത്തൊഴിലാളികൾ 13,611
ഒരു പ്രവൃത്തിദിനത്തിൽ ഓണറേറിയം 600-675 രൂപ
മാസത്തിൽ ശരാശരി പ്രവൃത്തിദിനം 20
പ്രതിമാസ ഓണറേറിയം 12,000-13,500 രൂപ
ഒരു തൊഴിലാളിക്ക് നിലവിൽ കുടിശിക 13,200 രൂപ

അധികാരികൾ തൊഴിലാളികളുടെ കണ്ണീരു കാണണം... കുടിശിക ഉടൻ നൽകണം.

പി.ജി.മോഹനൻ,
സംസ്ഥാന ജന.സെക്രട്ടറി,

പാചകത്തൊഴിലാളി യൂണിയൻ
(എ.ഐ.ടി.യു.സി)

Advertisement
Advertisement