കേരളത്തെ ഞെട്ടിച്ച ട്രെയിൻ അപകടങ്ങൾ

Sunday 04 June 2023 1:10 AM IST

പെരുമൺ ദുരന്തം

കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ട്രെയിൻ അപകടമാണ് പെരുമണിലേത്. 35 വർഷം മുമ്പുണ്ടായ ദുരന്തത്തിൽ 105 പേർക്കാണ് ജീവൻ നഷ്ടമായത്. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. 1988 ജൂലായ് എട്ടിന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ - കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേക്ക് മറിയുകയായിരുന്നു. ട്രെയിനിന്റെ എൻജിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക് വീണു. അപകടത്തെക്കുറിച്ച് അന്വേഷിച്ച റെയിൽവേ സുരക്ഷ കമ്മിഷണർ അപകടത്തിന്റെ കാരണക്കാരനായി കണ്ടെത്തിയത് ടൊർണാഡോ എന്ന ചുഴലിക്കാറ്റിനെയാണ്. റിപ്പോർട്ട് വലിയ വിവാദമുണ്ടാക്കി. യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതം.

കടലുണ്ടി ട്രെയിനപകടം

2001 ജൂൺ 22ന് വൈകിട്ട് അഞ്ചുമണിക്ക് 6602 മംഗലാപുരം - ചെന്നൈ മെയിൽ കോഴക്കോടിനും പരപ്പനങ്ങാടിക്കും ഇടയിൽ കടലുണ്ടി പുഴയ്ക്ക് മുകളിലുള്ള 924ാം നമ്പർ പാലം കടക്കുമ്പോഴാണ് പാളം തെറ്റിയത്. വൈകിട്ട് അഞ്ചു മണയോടെയാണ് അപകടം. ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളായ എഫ് 4, എഫ് 5, എഫ് 7 എന്നിവയും ഒരു ജനറൽ കമ്പാർട്ടുമെന്റും സ്ത്രീകളുടെ കമ്പാർട്ടുമെന്റുമാണ് വെള്ളത്തിനടിയിലായത്. ദുരന്തത്തിൽ 52 പേർ മരിച്ചു. 222 പേർക്ക് പരിക്കേറ്റു. അന്വേഷണങ്ങളും പഠനങ്ങളും മുറയ്ക്ക് നടന്നിട്ടും ദുരന്തകാരണം വ്യക്തമാക്കാൻ റെയിൽവേ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ദുരന്തമുഖത്ത് ഓർമ്മിക്കാൻ ഇന്നൊരു സ്മാരകം പോലുമില്ല.