ഈസി ഇഗ

Sunday 04 June 2023 4:30 AM IST

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നസ് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയറ്റെക് പ്രീക്വാർട്ടറിൽ കടന്നു. ചൈനീസ് താരം വാംഗ് സിൻയുവിനെ മൂന്നാം റൗണ്ടിൽ അനാനായാസം മറികടന്നാണ് ഇഗ നാലാം റൗണ്ടിലെത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ 6-0,6-0 ത്തിനാണ് നിലിവിലെ ഒന്നാം റാങ്കുകാരിയും ടോപ് സീഡുമായ ഇഗ ചൈനീസ് താരത്തെ കീഴടക്കിയത്. മറ്റൊരു മൂന്നാം റൗണ്ട് മത്സരത്തിൽ പതിനാറുകാരി മിറ ആൻഡ്രീവയുടെ വിസ്മയക്കുതിപ്പിന് തടയിട്ട് അമേരിക്കൻ യുവതാരം കോക്കോ ഗൗഫ് പ്രീക്വാർട്ടറിൽ എത്തി. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത രണ്ട് സെറ്രും സവന്തമാക്കി ഗൗഫ് മുന്നേറിയത്. 2005ന് ശേഷം മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ആൻഡ്രീവയ്ക്കെതിരെ 6-7, 6-,6-1നായിരുന്നു നിലവിലെ റണ്ണറപ്പുകൂടിയായ കോക്കോയുടെ വിജയം.

പുരുഷ സിംഗിൾസിൽ കാസ്പർ റൂഡ്, ഡാൻ ഹോൽഗർ റൂണെ എന്നിവരും പ്രീക്വാർട്ടറിൽ എത്തി.

റൈബാക്കിന പിന്മാറി

പാരീസ് :കസഖ് താരം എലേന റൈബാക്കിന ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിൽ നിന്ന് പിന്മാറി. വൈറൻ പനിയെത്തുടർന്നാണ് നിലവിലെ വിംബിൾഡൺ ചാമ്പ്യൻ കൂടിയായ റൈബാക്കിനയുടെ പിന്മാറ്റം. സറആ സൊറിബസ് ടോർമോയ്ക്കെതിരായ മൂന്നാം റൗണ്ട് മത്സരത്തിന് മുൻപാണ് താൻ പിന്മാറുകയാണെന്ന കാര്യം റൈബാക്കിന വെളിപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണിൽ മുന്നോടിയായി നടന്ന ക്ലേ കോർട്ട് മത്സരമായ റോം ഓപ്പണിൽ ചാമ്പ്യനായി മികച്ച മുന്നൊരുക്കത്തോടെയാണ് റൈബാക്കിന പാരീസിൽ എത്തിയത്. കഴിഞ്ഞ രണ്ട് രാത്രിയിലും പനികാരണം എനിക്ക് ഉറങ്ങാനായില്ല. വാം അപ്പിനിറങ്ങിയപ്പോൾ ഭയങ്കര ക്ഷീണം തോന്നി. ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുകയാണ് ഏറ്റവും നല്ല തീരുമാനമെന്ന് തോന്നി. കളിക്കാൻ കഴിയാത്തതിൽ വളരെയധികം സങ്കടമുണ്ട്. പക്ഷേ ഇതാണ് ജീവിതം. - റൈബാക്കിന ഫ്രഞ്ച് ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.