കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിന് കുടുംബം ഒന്നാകെ ജയിലിൽ; ജീവിത മാർഗമായിരുന്ന പശുവിനെ പുലി കൊന്നു

Sunday 04 June 2023 11:25 AM IST

കൊല്ലം: രണ്ടരപ്പതിറ്റാണ്ടായി ശിവദാസന്റെ വീട്ടിലുള്ള ഷീറ്റുമേഞ്ഞ കാലിത്തൊഴുത്ത് ഇപ്പോൾ ഏറെക്കുറേ ശൂന്യമാണ്. പത്തനാപുരത്തിന് സമീപം പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിലെ കാലിത്തൊഴുത്തിൽ കറവയുള്ളതും കിടാങ്ങളും ഉൾപ്പെടെ 12 പശുക്കളും രണ്ട് പോത്തുകളുമാണ് ഉണ്ടായിരുന്നത്. ഓരോന്നിനെയായി ഇപ്പോൾ വിറ്റുകൊണ്ടിരിക്കുകയാണ്. വെറും നാല് പശുക്കളേ ഇനി ബാക്കിയുള്ളു.

കഴിഞ്ഞ ആഴ്ചയാണ് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ശിവദാസന്റെ കുടുംബമൊന്നാകെ ജയിലിലായത്. വന്യമൃഗ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞതോടെ വനംവകുപ്പ് കേസെടുക്കുമെന്ന് പേടിച്ച് ശിവദാസൻ ഒളിവിൽപ്പോയി. ഭാര്യ സുശീല, ഇവരുടെ മകളും സർക്കാർ ജീവനക്കാരിയുമായ സ്മിത എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ജയിലിലായി. അടുത്തദിവസം ശിവദാസനെയും അറസ്റ്റുചെയ്ത്‌ ജയിലിലടച്ചു. ശിവദാസന്റെ മകൻ അരുൺ എറണാകുളത്തെ ജോലിസ്ഥലത്തായിരുന്നു. ഇതോടെ തൊഴുത്ത് നിറഞ്ഞുനിന്ന കന്നുകാലികളെല്ലാം പട്ടിണിയിലായി. ചെറിയ കന്നുകുട്ടികൾക്ക് രണ്ടുദിവസം ദേഹമാസകലം ചാണകത്തിൽക്കുളിച്ചു കിടക്കേണ്ടിവന്നു. വീട്ടുകാരില്ലാത്ത സമയത്ത് ഒരു പശുവിനെ പുലി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.

വന്യമൃഗ ശല്യത്തെ തുടർന്ന് മറ്റ് കൃഷികളൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ശിവദാസൻ പശുവളർത്തലിൽ മാത്രം ശ്രദ്ധയൂന്നിയിരിക്കുകയായിരുന്നു. ദിവസവും പുന്നലയിൽ കൊണ്ടുപോയി പാൽവിറ്റ് മടങ്ങിവന്ന് പശുക്കളെ തീറ്റാനായി പോകുകയായിരുന്നു രീതി. ആദ്യമൊക്കെ രാവിലെ അഴിച്ചുവിടുന്ന പശുക്കൾ വൈകിട്ട് സ്വയം തൊഴുത്തിൽ എത്തുമായിരുന്നു. മൃഗശല്യം കൂടിയതോടെ ദിവസവും ശിവദാസൻ പശുക്കൾക്ക് കാവലായി ഒപ്പമുണ്ടായിരുന്നു. പശുക്കളെ വിൽക്കുന്നതിൽ അച്ഛന് വളരെ വിഷമമുണ്ടെങ്കിലും മറ്റ് വഴിയില്ലാത്തിനാലാണ് വിൽക്കുന്നത് എന്നാണ് ശിവദാസന്റെ മകൻ അരുൺ പറഞ്ഞത്.

Advertisement
Advertisement