ഒടുവിൽ പ്രസാദം ഊട്ടിൽവരെ ചക്കയെത്തി, ഉപയോഗിച്ചത് എഴുപതെണ്ണം, വിഭവം ഒരുക്കാൻ വേണ്ടിവന്നത് ഒരുമണിക്കൂർ മാത്രം

Sunday 04 June 2023 12:26 PM IST

കൊല്ലം: സപ്താഹ സദ്യയിൽ വിളമ്പിയ ചക്ക എരിശേരി നാടിന് രുചിവൈവിദ്ധ്യം പകർന്നു. കുണ്ടറ മാമ്പുഴ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലാണ് 500 പേർക്ക് ഒരുക്കിയ പ്രസാദം ഊട്ടിൽ ചക്ക എരിശേരിയും ഇടംപിടിച്ചത്.ഓരോ ദിവസവും പ്രസാദം ഊട്ടിൽ വ്യത്യസ്ത വിഭവങ്ങൾ വേണമെന്ന ക്ഷേത്രകമ്മിറ്റിയുടെ തീരുമാനമാണ് ചക്ക എരിശേരിയിൽ എത്തിച്ചത്.

ക്ഷേത്രത്തിന് സമീപത്തെ പറമ്പുകളിൽ നിന്നാണ് സദ്യയുടെ തലേന്ന് ചക്കകൾ ശേഖരിച്ചത്. അടുത്ത ദിവസം രാവിലെ 6 ഓടെ ചക്ക പൊളിച്ച് ചുളകളും കുരുവും ശേഖരിക്കുന്ന ജോലി ആരംഭിച്ചു.എട്ടു പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന സംഘം അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് 58 കിലോ ചുളയും കുരുവും വേർതിരിച്ച് പാചകപ്പുരയിലേക്ക് കൈമാറിയത്.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അഡ്വ. ആർ.എസ്.പ്രശാന്ത്, സെക്രട്ടറി രതീഷ്, ചക്കമുക്ക് ഷാജി തുടങ്ങിയവരാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത്.

ഉപയോഗിച്ച ചക്ക - 70 എണ്ണം

ചുളയും കുരുവും - 58 കിലോ

ഒരുമണിക്കൂറിൽ വിഭവം ഒരുങ്ങി

എസ്.മനോജിന്റെ നേതൃത്വത്തിലായിരുന്നു പാചകം. തേങ്ങ, മഞ്ഞൽപ്പൊടി, കുരുമുളക് പൊടി, വെളുത്തുള്ളി, വൻപയർ, ഉപ്പ് തുടങ്ങിയവ ചേരുവകളായി ഉപയോഗിച്ചാണ് എരിശേരി ഒരുക്കിയത്. പാചകം പൂർത്തിയാകാൻ ഒരു മണിക്കൂറെടുത്തു.

മലയാളിയുടെ ശീലങ്ങൾക്കൊപ്പം ഭക്ഷണ രീതികളും മാറി. പഴയ ഭക്ഷണ ശീലങ്ങൾ തിരിച്ചുവരുന്നത് ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

ജി.ആർ.ഷാജി,ചക്ക പ്രചാരകൻ