അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി നഴ്സിന്  ലഭിച്ചത് 45 കോടി 

Sunday 04 June 2023 3:47 PM IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45കോടി രൂപ (ഏകദേശം 20 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. വർഷങ്ങളായി അബുദാബിയിൽ ജോലി ചെയ്ത് വരുന്ന ലൗലി മോൾ അച്ചാമ്മയ്ക്കാണ് സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിച്ചു വരുന്ന ലൗലിയുടെ ഭർത്താവ് എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കപ്പോഴും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.

സമ്മാനത്തുകയുടെ കുറച്ച് ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും ഒപ്പം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും ലൗലി പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ നാല് ഇന്ത്യാക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സമ്മാനങ്ങൾ ലഭിച്ചു.