എ ഐ ക്യാമറ പിഴ ഈടാക്കൽ നാളെ രാവിലെ 8 മുതൽ, ഇരുചക്ര വാഹനത്തിൽ കുട്ടികളുമായുള്ള യാത്രയ്ക്ക് ഇളവ്

Sunday 04 June 2023 6:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴി പിഴയീടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ആന്റണി രാജു മാദ്ധ്യമങ്ങളോട് പറഞ്ഞു.12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാലാണ് പിഴ ഈടാക്കാത്തത്. പക്ഷേ നാലുവയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണം.

ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് കുട്ടികളുടെ യാത്രയ്ക്ക് പിഴ ഈടാക്കുന്നതിൽ സാവകാശം നൽകുന്നത്. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം അന്തിമതീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഗതാഗത നിയമലംഘനം സംബന്ധിച്ച് ഉയർന്നുവരുന്ന പരാതികൾ നൽകാൻ സംവിധാനമില്ല. എന്നാൽ ഇനി മുതൽ അതത് പ്രദേശത്തെ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒമാർക്ക് നേരിട്ട് അപ്പീൽ നൽകാവുന്നതാണ്, രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ വഴിയും അപ്പീൽ നൽകാൻ സംവിധാനം ഒരുക്കും. ഇതോടെ നിരപരാധികൾക്കെതിരെ നടപടി സ്വീകരിച്ചു എന്ന ആക്ഷേപം ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എ.ഐ ക്യാമറകൾ എല്ലാം സജ്ജമാണ്. എ.ഐ ക്യാമറ പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഇളവുകൾ മാത്രമേ ലഭിക്കൂ എന്നും മന്ത്രി പറഞ്ഞു.