ഋതുരാജ് വിവാഹിതനായി

Sunday 04 June 2023 9:55 PM IST

മുംബയ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി. മഹാരാഷ്ട്ര സ്റ്റേറ്റ് വനിതാ ക്രിക്കറ്റ് ടീമംഗമായിരുന്ന ഉത്കർഷ പവാറാണ് വധു. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.

ഐ.പി.എൽ ഫൈനലിന് ശേഷം ഋതുരാജിനൊപ്പം ഉത്കർഷ ധോണിയെ പരിചയപ്പെട്ട വീഡിയോ വൈറലായിരുന്നു. ധോണിയെ കണ്ടയുടൻ ഉത്കർഷ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ചെന്നൈയ്ക്ക് കിരീടം നേടിക്കൊടുത്തതില്‍ ഋതുരാജ് നിർണായക പങ്കാണ് വഹിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ റിസർവായി ഋതുരാജ് ഇടം നേടിയിരുന്നെങ്കിലും വിവാഹം കാരണം പിന്മാറിയിരുന്നു. പകരം യശസ്വി ജയ്‌സ്വാളാണ് ഇംഗ്ളണ്ടിലേക്ക് പോയത്.

16 മത്സരങ്ങളില്‍ നിന്ന് താരം 42.14 ശരാശരിയില്‍ 590 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് അര്‍ധസെഞ്ചുറികള്‍ ഋതുരാജിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണിങ് വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം പല മത്സരങ്ങളിലും ഋതുരാജ് തകര്‍ത്തടിച്ചു. ഫൈനലിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്‍പത് ട്വന്റി 20 മത്സരങ്ങളിലും ഒരു ഏകദിനത്തിലും കളിക്കാന്‍ താരത്തിന് സാധിച്ചു.