പാരീസിലെ ലാസ്റ്റ് മാച്ചിൽ മെസിക്ക് തോൽവി

Sunday 04 June 2023 10:00 PM IST

പാരീസ് : ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ കുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ ലയണൽ മെസിക്ക് തോൽവിയോടെ മടങ്ങേണ്ടിവന്നു. ഫ്രഞ്ച് ലീഗ് വണ്ണിലെ കിരീടം നേരത്തേ നേടിയിരുന്ന പി.എസ്.ജി അവസാന മത്സരത്തിൽ ക്ലെർമോണ്ട് ഫൂട്ടിനോടാണ് തോറ്റത് . രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ക്ളെർമണ്ട് ഫൂട്ട് ചാമ്പ്യന്മാരെ അട്ടിമറിച്ചത്. ഈ മത്സരത്തോടെ മെസി ക്ളബ് വിടുമെന്ന് പി.എസ്.ജി കോച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെ മത്സരശേഷം ക്ളബ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

കളിച്ചുവളർന്ന സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ നിന്ന് 2021ലാണ് മെസി പാരീസിലെത്തിയത്. പി.എസ്.ജിയ്ക്ക് വേണ്ടി 75 മത്സരങ്ങൾ കളിച്ച മെസി 32 ഗോളുകളാണ് നേടിയത്. പാരീസിന്റെ ആരാധകരുമായി അടുത്ത കാലത്ത് അത്ര രസത്തിലായിരുന്നില്ല മെസി. മെസിയുടെ അർജന്റീന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചശേഷം ആ വിദ്വേഷം വലുതായി. പലപ്പോഴും മെസിയെ അവർ ഗ്രൗണ്ടിൽ കൂവിയിരുന്നു.

മെസിയ്‌ക്കൊപ്പം മുൻ റയൽ താരം സെർജിയോ റാമോസും പി.എസ്.ജി വിടുകയാണ്. 2021ലാണ് റാമോസ് പി.എസ്.ജിയിലെത്തിയത്. പാരീസിനായി 57 മത്സരങ്ങളിൽ കളിച്ചു. മെസിയും റാമോസും സൗദി പ്രോ ലീഗിന്റെ ഭാഗമായേക്കുമെന്ന് വാർത്തകളുണ്ട്. മെസിയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബ് അൽ ഹിലാൽ ശക്തമായി രംഗത്തുണ്ട്. 3500 കോടിയോളം രൂപയുടെ വാർഷിക കരാറിൽ മെസിയെ ക്ലബ്ബിലെത്തിക്കാനാണ് ശ്രമം. സൗദി ഭരണകൂടവും ഇതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മെസി തിരികെ ബാഴ്‌സയിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നാണ് അറിയുന്നത്. മെസിയെ ടീമിലെത്തിച്ചാൽ അൽ ഹിലാൽ നാളെ ഇത് ഔദ്യോഗികമായി ആരാധകരെ അറിയിക്കുമെന്നാണ് സൂചന

Advertisement
Advertisement