ഇനി ടെസ്റ്റിന്റെ ഫൈനൽ ലോകം
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബുധനാഴ്ച മുതൽ
ലണ്ടൻ : ഐ.പി.എല്ലിന്റെ ആരവങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകം ടെസ്റ്റിന്റെ കലാശക്കളിക്ക് കാതോർക്കുന്നു. ബുധനാഴ്ച ഇംഗ്ളണ്ടിലെ ഓവൽ ഗ്രൗണ്ടിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് തുടക്കമാകുന്നത്.
കഴിഞ്ഞ സീസണിലെ 19 മത്സരങ്ങളിൽ 11 വിജയങ്ങളും അഞ്ചുസമനിലയും മൂന്ന് തോൽവികളും ഉൾപ്പടെ 66.67 എന്ന വിജയശതമാനവുമായി ഒന്നാമന്മാരായാണ് ഓസ്ട്രേലിയ ഫൈനലിന് ടിക്കറ്റെടുത്തിരിക്കുന്നത്. സീസണിൽ 18 മത്സരങ്ങൾ കളിച്ച ഇന്ത്യ 10 ജയവും മൂന്ന് സമനിലകളുമാണ് നേടിയത്. അഞ്ചു മത്സരങ്ങളിൽ തോറ്റിരുന്നെങ്കിലും 58.80 എന്ന വിജയശതമാനം കാത്തുസൂക്ഷിക്കാനായതിനാൽ മൂന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാമന്മാരായി ഫൈനലിനെത്താനായി. ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയെ തോൽപ്പിച്ചത്.
ഐ.പി.എൽ കഴിഞ്ഞ് പല സംഘങ്ങളായി ഇംഗ്ളണ്ടിലെത്തിയ ഇന്ത്യൻ ടീം ട്വന്റി-20 ഫോർമാറ്റിന്റെ പിടിയിൽ നിന്ന് റെഡ് ബാൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള കഠിനപരിശീലനത്തിലാണ്. ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മ ഐ.പി.എല്ലിൽ അത്ര മികച്ച ഫോമിലായിരുന്നില്ല. എന്നാൽ തുറുപ്പുചീട്ടുകളായ വിരാട് കൊഹ്‌ലിയും ശുഭ്മാൻ ഗില്ലും അതിഗംഭീര ഫോമിലാണ്. പേസർ ജസ്പ്രീത് ബുംറ കളിക്കാനില്ലാത്ത സാഹചര്യത്തിൽ ഐ.പി.എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഷമിയിലാണ് പ്രതീക്ഷകൾ. ടീമിലേക്ക് തിരിച്ചെത്തിയ അജിങ്ക്യ രഹാനെ,ചേതേശ്വർ പുജാര, രവി ചന്ദ്രൻ അശ്വിൻ,രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ പരിചയസമ്പത്താണ് ഇന്ത്യയ്ക്ക് കരുത്തേകുന്ന ഘടകം. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്,ശാർദൂൽ താക്കൂർ,അക്ഷർ പട്ടേൽ,ശ്രീകാർ ഭരത്,ഇഷാൻ കിഷൻ തുടങ്ങിയവരും ഇന്ത്യൻ സംഘത്തിലുണ്ട്.
പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിൽ വൈസ് ക്യാപ്ടനായി പരിചയസമ്പന്നനായ സ്റ്റീവൻ സ്മിത്തുണ്ട്. ഡേവിഡ് വാർണർ,ലാബുഷേയ്ൻ, ട്രാവിസ് ഹെഡ്,ഉസ്മാൻ ഖ്വാജ,നഥാൻ ലിയോൺ,മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ മികച്ച താരങ്ങളുടെ നിരതന്നെ കംഗാരുപ്പടയിലുണ്ട്. എന്നാൽ അവസാന നിമിഷം പരിക്കുമൂലം ജോഷ് ഹേസൽവുഡിന് പിന്മാറേണ്ടിവന്നത് അവർക്ക് തിരിച്ചടിയായിട്ടുണ്ട്. ഹേസൽവുഡിന് പകരം മൈക്കേൽ നെസറിനെ ടീമിലെടുത്തിട്ടുണ്ട്.
2-1
ഈ വർഷമാദ്യം നാലുടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഓസ്ട്രേലിയ ഇന്ത്യയിലെത്തിയിരുന്നു. ഈ പരമ്പര ഇന്ത്യ 2-1ന് വിജയിച്ച് ബോർഡർ ഗാവസ്കർ ട്രോഫി സ്വന്തമാക്കി. നാഗ്പുരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം ആഘോഷിച്ച ഇന്ത്യ ഡൽഹിയിലെ രണ്ടാം ടെസ്റ്റിൽ ആറുവിക്കറ്റ് ജയം നേടി. ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഒൻപത് വിക്കറ്റിന് ജയിച്ച് ഓസ്ട്രേലിയ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അഹമ്മദാബാദിലെ അവസാന ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.