റോഡ് ക്യാമറ പിഴ ഇന്നുമുതൽ, കുട്ടികളെ ഒഴിവാക്കും, ഇളവ് 12 വയസുവരെ, 4 വയസിനുമേൽ ഹെൽമെറ്റ്

Monday 05 June 2023 12:41 AM IST

 വി.ഐ.പികൾക്കും പിഴ ബാധകം

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ ഒരു കൂസലുമില്ലാതെ റോഡിലെ എ.ഐ ക്യാമറകൾ ഇന്നു രാവിലെ 8ന് മിഴിതുറക്കും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിംഗ് പൂർത്തിയായതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും.

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.

റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.. കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ്. വി.ഐ.പികളും സാധാരണക്കാരും ഒരുപോലെയാണ്.

നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചവ, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 726 എണ്ണത്തിൽ 34 ക്യാമറകൾ പ്രവർത്തിക്കുന്നില്ല.

അപ്പീൽ നൽകാം

പിഴയ്‌ക്കെതിരെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും. തപാൽ വഴിയാകും നിയമലംഘനം അറിയിക്കുക. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐ.ഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതുകൊണ്ടാണ് എസ്.എം.എസ് അയയ്ക്കാനാകാത്തത്.

 7 കുറ്റങ്ങൾക്ക് പിഴ

1.ഹെൽമെറ്റ് ധരിക്കാതിരിക്കൽ (₹500)

2.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ (₹500)

3.മൊബൈൽഫോൺ ഉപയോഗം (₹ 2000)

4.റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ (₹1000)

5.ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര (₹1000)

6. അമിതവേഗം (₹1500)

7.അപകടകരമായ പാർക്കിംഗ്‌ (₹250)

ശ്രദ്ധിക്കാൻ

1. ഹെൽമറ്റ് സ്ട്രാപ്പ് ഉൾപ്പെടെ ശരിയായി ധരിക്കുക

2. കാറിന്റെ മുൻ സീറ്റിൽ നാലു വയസിനു മുകളിലുളളവരെ മടിയിലിരുത്തരുത്

കൂ​ടു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം..........​ 93 കൊ​ല്ലം................................58 പ​ത്ത​നം​തി​ട്ട.....................44 ആ​ല​പ്പു​ഴ............................41 കോ​ട്ട​യം............................44 ഇ​ടു​ക്കി..............................​ 38 എ​റ​ണാ​കു​ളം................​ 64 തൃ​ശൂ​ർ..............................​ 57 പാ​ല​ക്കാ​ട്.........................47 മ​ല​പ്പു​റം............................49 കോ​ഴി​ക്കോ​ട്.................63 വ​യ​നാ​ട്..........................​ 27 ക​ണ്ണൂ​ർ............................​ 50 കാ​സ​ർ​കോ​ട്................47 മൊ​ബൈ​ൽ​ ​യൂ​ണി​റ്റ്...4

1.​നി​ർ​മ്മി​ത​ ​ബു​ദ്ധി​ ​ക്യാ​മ​റ​ക​ൾ​ ​(​എ.​ഐ​)​ ......................................................675 2.​ ​അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗ് ​അ​റി​യാൻ(​പി.​വി.​ഡി.​എ​സ്)..............​ .........25 3.​ ​റെ​ഡ് ​ലൈ​റ്റ് ​ലം​ഘ​നം​ ​പി​ടി​ക്കാ​ൻ​ ​(​ആ​ർ.​എ​ൽ.​വി.​ഡി.​എ​സ്)...............​ 18 4.​ ​അ​മി​ത​വേ​ഗ​ത​ ​അ​റി​യാ​ൻ​ ​(​ഫി​ക്സ് ​ചെ​യ്ത​ത് ​)​-​എ​സ്.​വി.​ഡി.​എ​സ്-4 5.​അ​മി​ത​വേ​ഗ​ത​ ​(​സ​ഞ്ച​രി​ക്കു​ന്ന​ത്)​ ........................................​ 4

''റോഡപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. പ്രതിവർഷം നാല്പതിനായിരത്തിലധികം റോഡ് അപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണ്. ജനസംഖ്യയുടെ 2.76 % മാത്രമാണെങ്കിലും റോഡ് അപകടങ്ങളുടെ 8.1% കേരളത്തിലാണ്.

- ആന്റണി രാജു,

ഗതാഗതമന്ത്രി