നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയടക്കം മൂന്നുപേർക്ക് പരിക്ക്
തൃശൂർ: നടനും ഹാസ്യ താരവുമായ കൊല്ലം സുധി(39) കയ്‌പമംഗലത്ത് ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാർ എതിരെവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കൾ പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. കയ്‌പമംഗലത്തിനടുത്ത് പനമ്പിക്കുന്നിലെ വളവിൽവച്ചാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുധിയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ പരിക്ക് സാരമായതിനാൽ എറണാകുളത്തേക്ക് മാറ്റുമെന്നാണ് വിവരം.
സംഭവം നടന്നയുടൻ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ.എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരാണ് ഇവരെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. ഒരാഴ്‌ച മുൻപ് ഇതേസ്ഥലത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരണമടഞ്ഞിരുന്നു.
സിനിമ, ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് കൊല്ലം സുധി മലയാളികൾക്ക് പരിചിതനാകുന്നത്. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തിയ സുധി കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി,കേശു ഈ വീടിന്റെ നാഥനടക്കം ഒരുപിടിയോളം ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.