വെള്ളം ഭയമാണെന്ന് പറഞ്ഞെത്തുന്നവർ പോലും വെറും മൂന്ന് മണിക്കൂറിൽ നീന്തൽ പഠിക്കും, പകരം ഹരിലാൽ ഗുരുദക്ഷിണയായി ശിഷ്യരെക്കൊണ്ട് ചെയ്യിക്കുക ഒരേയൊരു കാര്യം മാത്രം
തൃശൂർ: ഹരിലാലിന്റെ അടുത്ത് നീന്തൽ പഠിക്കാനെത്തുമ്പോൾ ഒരു വൃക്ഷത്തൈ കൂടി കരുതണം. പഠനം അവസാനിക്കുമ്പോൾ നീന്തൽ കുളത്തോട് ചേർന്ന് തൈ നടണം. അടുത്തുള്ളവരോട് ആഴ്ചയിലൊരിക്കലെത്തി പരിപാലനം ഉറപ്പുവരുത്താനും അദ്ധ്യാപകന്റെ നിർദ്ദേശമുണ്ട്. അകലെയുള്ളവർ ഫോണിലെങ്കിലും വിളിച്ചന്വേഷിക്കണം. ഇതാണ് കുഴിക്കാട്ടുശ്ശേരി മൂത്തേടത്ത് ഹരിലാലിന്റെ നീന്തൽ ഫീസ്.
നാളുകൾക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്നെത്തിയ ഒരു വിദ്യാർത്ഥിയാണ് ഹരിലാലിന് ഗുരു ദക്ഷിണയായി പേര മരം സമ്മാനിച്ചത്. അവരത് കുളത്തിനോട് ചേർന്ന് നട്ടു. പിന്നീടെത്തിയ വിദ്യാർത്ഥികളോട് ഈ ആശയം പങ്കുവച്ചപ്പോൾ അവരും സന്തോഷത്തോടെ സമ്മതം അറിയിച്ചു. ഇപ്പോൾ വിവിധങ്ങളായ പത്തോളം ഫലവൃക്ഷങ്ങളാണ് നീന്തൽക്കുളത്തിന് ചുറ്റുമുള്ളത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിലയില്ലാ വെള്ളത്തിൽ നീന്തൽ പഠിപ്പിക്കുന്ന സ്‌പെഷ്യലിസ്റ്റാണ് എം.എസ്. ഹരിലാൽ. വെള്ളം ഭയമാണെന്ന് പറഞ്ഞെത്തുന്നവരെ വെറും മൂന്ന് മണിക്കൂറിൽ നീന്തൽ പഠിപ്പിക്കും. ഇത്രയും വേഗത്തിൽ നീന്തൽ പഠിപ്പിക്കുന്ന എം.എസ്. ഹരിലാൽ ഇക്കാലയളവിൽ നേടിയെടുത്തത് 15,000 ഓളം ശിഷ്യസമ്പത്ത്. എല്ലാവരെയും സൗജന്യമായാണ് പരിശീലിപ്പിച്ചത്. വീടിനോട് ചേർന്ന് ഒരേക്കറോളം വിസ്തൃതിയുള്ള മഷിക്കുളമെന്ന തറവാട്ടുകുളമാണ് നീന്തൽ കളരി.
പ്രായഭേദമന്യേ നീന്തൽ അഭ്യസിക്കണമെന്ന ആഗ്രഹവുമായെത്തുന്ന ആരും ഇതുവരെ നിരാശരായി മടങ്ങിയിട്ടില്ല. എല്ലാവരും സധൈര്യമാണ് നിലയില്ലാക്കയങ്ങൾ നീന്തിക്കയറിയത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പല ഭാഗത്തായി നീന്തൽ ക്യാമ്പും നടത്തിയിട്ടുണ്ട്.