ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്; വസ്ത്രങ്ങളടക്കം കരിഞ്ഞ നിലയിൽ

Monday 05 June 2023 12:24 PM IST

ഇടുക്കി: മാങ്കുളം കുറത്തിക്കുടിയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇടിമിന്നലിനെ തുടർന്ന് പൊള്ളലേൽക്കുകയായിരുന്നു. കുറത്തിക്കുടി ട്രൈബൽ സെറ്റിൽമെന്റിലെ വേലായുധൻ, ഭാര്യ ജാനു, മകൻ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവർക്കാണ് പൊള്ളലേറ്റത്.

ശക്തമായ മഴയും ഇടിയും ഉണ്ടായതോടെ എല്ലാവരും ഓടി വീടുകള്‍ക്കുള്ളില്‍ കയറി. എന്നാൽ വീടിനുള്ളിലേയ്ക്ക് മിന്നലിന്‍റെ ആഘാതം പതിക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലിന്റെ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് കുടുംബത്തിന് മിന്നലേറ്റതായി കണ്ടെത്തിയത്. വേലായുധനും ജാനുവും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉള്‍പ്പെടെ കരിഞ്ഞ നിലയിലായിരുന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.