റിയാസ് ശ്രമിക്കുന്നത് കുടുംബത്തെ സംരക്ഷിക്കാൻ; മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്നെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കുടുംബത്തെ സംരക്ഷിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരെ റിയാസ് ഭീഷണിപ്പെടുത്തുന്നെന്നും വി ഡി സതീശൻ ആരോപിച്ചു. കെ ഫോണിൽ ഗുരുതര ക്രമക്കേടുണ്ടായെന്നും വി ഡി സതീശൻ ആരോപിച്ചു. ഗുണമേന്മയില്ലാത്ത ചൈനീസ് കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും നിബന്ധനകൾ ലംഘിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആറ് വർഷം കഴിഞ്ഞിട്ടും എത്ര കണക്ഷനുകൾ കൊടുത്തുവെന്നതിൽ വ്യക്തതയില്ലെന്നും ജില്ല തിരിച്ച് കണക്ഷൻ നൽകിയതിന്റെ കണക്ക് സർക്കാർ പുറത്തുവിടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
"തളർന്നുകിടക്കുന്നവർക്ക് പോലും പെൻഷൻ കൊടുക്കുന്ന ഇക്കാലത്താണ് ഇതിന്റെ ഉദ്ഘാടന മഹാമഹത്തിന് വേണ്ടി നാല് കോടിയിലധികം ചെലവാക്കിയത്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന് ചെലവാക്കിയത് 124 കോടി രൂപ. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉലയുമ്പോഴാണ് ഈ ധൂർത്ത് നടത്തുന്നത്.
ഇന്ന് അഴിമതി ക്യാമറ കണ്ണുതുറന്നു. സാധാരണക്കാരന്റെ പോക്കറ്റിലേക്കാണ് അഴിമതി ക്യാമറ കണ്ണ് തുറന്നത്. ഇവർ അഴിമതി നടത്തിയ പണം നമ്മുടെയൊക്കെ പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. ഒരു ദിവസം ഇരുപത്തയ്യായിരം നോട്ടീസ് അയക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഗതാഗത ലംഘനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ നോട്ടീസ് എത്രയാണെന്ന് തീരുമാനിച്ചു. അഴിമതി ക്യാമറയും കെ ഫോണും ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന പദ്ധതിയാണ്."- വി ഡി സതീശൻ പറഞ്ഞു.