നടൻ കൊല്ലം സുധിക്ക് കാറപകടത്തിൽ ദാരുണാന്ത്യം
കയ്‌പമംഗലം: ദേശീയപാതയിൽ കയ്‌പമംഗലം പനമ്പിക്കുന്നിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് നടനും മിമിക്രി താരവുമായ കൊല്ലം സുധിക്ക് (39) ദാരുണാന്ത്യം. സഹതാരങ്ങളായ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവർക്ക് പരിക്കേറ്റു. വടകരയിൽ സ്വകാര്യ ടെലിവിഷൻ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ നാലരയ്‌ക്കായിരുന്നു അപകടം.
കാറിന്റെ മുൻ സീറ്റിലായിരുന്ന സുധിയെ എയർബാഗ് മുറിച്ചാണ് പുറത്തെടുത്തത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ എ.ആർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനുവിനെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ബിനുവിന്റെ മുഖത്ത് പൊട്ടലുണ്ടെങ്കിലും ഇരുവരും അപകടനില തരണം ചെയ്‌തു. വാഹനം ഓടിച്ചിരുന്ന ഉല്ലാസ് അരൂർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻവശം പൂർണമായും തകർന്നു. എതിർദിശയിലെത്തിയ ലോറിയുമായി കാർ നേർക്കുനേർ ഇടിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.സുധിയുടെ ഭാര്യ: രേണു. മക്കൾ: രാഹുൽ, ഋതുൽ. ആറു വർഷമായി രേണുവിനും മാതാപിതാക്കൾക്കുമൊപ്പം കോട്ടയം വാകത്താനം പൊങ്ങന്താനത്ത് വാടകയ്ക്കാണ് താമസിച്ചിരുന്നത്. സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വടകരയിലെ പരിപാടിയിൽ പങ്കെടുക്കാൻ ഞായറാഴ്ച രാവിലെയാണ് സുധി വീട്ടിൽ നിന്നു പോയത്. മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടിലും 10.30ന് ഋതുൽ പഠിക്കുന്ന പൊങ്ങന്താനം യു.പി സ്‌കൂളിലും 12ന് വാകത്താനം പഞ്ചായത്ത് ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും. ഇവിടെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടിന് തോട്ടയ്ക്കാട് ആംഗ്ളിക്കൻ റീഫോംഡ് പള്ളിയിൽ സംസ്‌കരിക്കും.