ഐ.എ.എസ് മോഹിയുടെ കുതന്ത്രം : 17 പേരുടെ സ്ഥാനക്കയറ്റം കുരുക്കിൽ

Tuesday 06 June 2023 12:00 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും അതു വഴി ഐ.എ.എസിലും ലാവണമുറപ്പിക്കാൻ നിയമ വകുപ്പിലെ

ഉന്നതൻ നടത്തിയ കുതന്ത്രം താഴെത്തട്ട് മുതലുള്ള 17 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം കുരുക്കിലാക്കി. സെക്രട്ടേറിയറ്റിന് പുറത്ത് ഡെപ്യൂട്ടേഷനിലുള്ള നിയമവകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിമാരിലൊരാളാണ്

കഥാപാത്രം.

നിലവിൽ സെക്രട്ടേറിയറ്റിലും മനുഷ്യാവകാശ കമ്മിഷനിലും സഹകരണ ഇലക്‌ഷൻ കമ്മിഷനിലുമായാണ് നിയമവകുപ്പിന്റെ മൂന്ന് സ്പെഷ്യൽ സെക്രട്ടറിമാരുള്ളത്. സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ സെക്രട്ടറി കഴിഞ്ഞ 31ന് വിരമിച്ചതോടെ ഒരൊഴിവുണ്ടായി. ഈ ഒഴിവിൽ കയറിപ്പറ്റുകയായിരുന്നു ഉദ്യോഗസ്ഥന്റെ

ലക്ഷ്യം.അതിന് മറ്റ് രണ്ട് സ്പെഷ്യൽ സെക്രട്ടറിമാരെ തട്ടണം. മനുഷ്യാവകാശ കമ്മിഷനിലും സഹകരണ ഇലക്‌ഷൻ കമ്മിഷനിലും പൊതുഭരണവകുപ്പിലെ നിയമ ബിരുദധാരികളായ അഡിഷണൽ സെക്രട്ടറിമാരുടെ ആവശ്യമേയുള്ളൂവെന്നും, നിയമ വകുപ്പിൽ ഒരു സ്പെഷ്യൽ സെക്രട്ടറിയായാൽ ചെലവ് കുറയ്ക്കാമെന്നും ഇദ്ദേഹം ധനവകുപ്പിനെ ധരിപ്പിച്ചു. അതിലൂടെ, സീനിയറായ തനിക്ക് സെക്രട്ടേറിയറ്റിലേക്കും

അതു വഴി ഐ.എ.എസിലേക്കും വഴി തെളിഞ്ഞു കിട്ടുമെന്നും ഉറപ്പിച്ചു. അടുത്തിടെ ഐ.എ.എസ് അഭിമുഖത്തിന് പോയ ഇദ്ദേഹം, നിയമ വകുപ്പ് സാങ്കേതിക വകുപ്പായതിനാൽ ഭരണ പരിജ്ഞാനം കുറവെന്ന പേരിൽ തഴയപ്പെട്ടതായും പറയുന്നു.

ചെലവ് കുറയ്ക്കാമെന്ന ഉദ്യോഗസ്ഥന്റെ കെണിയിൽ ധന വകുപ്പ് വീണു. ഇക്കഴിഞ്ഞ മേയ് 31ന് നടന്ന കൂട്ട വിരമിക്കലിൽ 17 പേർ നിയമ വകുപ്പിലെ വിവിധ തസ്തികകളിൽ നിന്ന് വിരമിച്ചു. ഇതേത്തുടർന്ന് ലീഗൽ അസിസ്റ്റന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയായി വിവിധ തസ്തികകളിലുള്ള ഇത്രയും പേർക്ക് സ്ഥാനക്കയറ്റ സാദ്ധ്യത വന്നു. ഇതിന്റെ ഫയലാണ് ഉന്നതന്റെ 'പാരവയ്പി"നെ തുടർന്ന് തടഞ്ഞു

വച്ചത്.