ട്രാൻ. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് സ്റ്റേ

Tuesday 06 June 2023 12:00 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മേയ് എട്ടിനു പണിമുടക്കിയ ജീവനക്കാരുടെ മേയ് ഏഴ്, ഒമ്പത് തീയതികളിലെ ശമ്പളവും പിടിക്കുന്നത് ഹൈക്കോടതി ജൂൺ 13 വരെ സ്റ്റേ ചെയ്തു. ഒരു ദിവസത്തെ പണിമുടക്കിനു മൂന്നു ദിവസം ഡയസ്നോൺ ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.ടി എംപ്ളോയീസ് സംഘ് (ബി.എം.എസ്) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. ഹർജി ജൂൺ 13 നു വീണ്ടും പരിഗണിക്കും. പണിമുടക്കു ദിവസത്തെ ശമ്പളം പിടിക്കുന്നതിന് കെ.എസ്.ആർ.ടി.സിക്ക് തടസമില്ല.

ശമ്പളം ഗഡുക്കളായി നൽകുന്നതടക്കമുള്ള നടപടികൾക്കെതിരെയാണ് കെ.എസ്.ടി എംപ്ളോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കിയത്.

പണിമുടക്കിനെ തുടർന്ന് 461 സർവീസുകൾ മുടങ്ങിയെന്നും 61.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കെ.എസ്. ആർ.ടി.സി സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. ഈ നഷ്ടത്തിനനുസരിച്ചാണ് ഡയസ്നോൺ പ്രഖ്യാപിച്ചത്. ജീവനക്കാരുടെ അനുമതിയോടെയാണ് ശമ്പളം ഗഡുക്കളാക്കിയത്. ശമ്പളം ഒറ്റഗഡുവായി വേണ്ടവർ നിശ്ചിത തീയതിക്കുള്ളിൽ അക്കാര്യം അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഹർജി നൽകിയ യൂണിയനു കീഴിലുള്ള ജീവനക്കാരോ ഭാരവാഹികളോ ഇക്കാര്യം അറിയിച്ചില്ലെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

Advertisement
Advertisement