പത്തനംതിട്ടയിൽ റെഡ്യൂസ് റീയൂസ് റീസൈക്കിൾ സെന്റർ തുടങ്ങി, ആരു പറഞ്ഞു ആവശ്യമില്ലെന്ന്...
പത്തനംതിട്ട : ഉപയോഗിച്ചതാകാം, ഉപയോഗിക്കാത്തതുമാകാം, നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്തതുമാകാം ഇത്തരം വസ്തുക്കൾ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് പത്തനംതിട്ട നഗരസഭ. മറ്റുള്ളവർക്ക് ഉപയോഗപ്രദമായ വസ്തുക്കൾ കൈമാറുന്നതിന് പത്തനംതിട്ട നഗരസഭയുടെ റെഡ്യൂസ് റീയൂസ് റീസൈക്കിൾ സെന്റർ (ആർ.ആർ.ആർ സെന്റർ ) പ്രവർത്തനമാരംഭിച്ചു. കേന്ദ്ര പാർപ്പിട നഗരകാര്യവകുപ്പിന്റെ മേരി ലൈഫ് , മേരേ സ്വച്ഛ് ശഹർ കാമ്പയിൻ, സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം എന്നീ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട ഹാജി സി മീരാസാഹിബ് മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. തങ്ങൾക്ക് ഉപയോഗപ്രദമല്ലാത്ത എന്നാൽ മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക്, ഇലക്ടിക്കൽ ഉപകരണങ്ങൾ , ഗാർഹിക ഉപകരണങ്ങൾ, ചെരുപ്പുകൾ, തുണിത്തരങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് ആർ.ആർ.ആർ സെന്ററിലൂടെ കൈമാറാം. സെന്ററിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത് കുമാർ, ക്ലീൻസിറ്റി മാനേജർ എം.പി വിനോദ്, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 അനീസ് പി.മുഹമ്മദ്, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 സതീഷ് , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദീപു, സുജിത എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാർ, ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.