സാരി പഴയതാണെങ്കിലും ഉടമയെ കണ്ടെത്തിക്കൊടുത്താൽ പാരിതോഷികമായി കിട്ടുക വലിയൊരു തുക; പ്രഖ്യാപനവുമായി പഞ്ചായത്ത്‌

Tuesday 06 June 2023 4:24 PM IST

ഇടുക്കി: മൂന്നാറിലേക്കുള്ള വഴിയിൽ ഒരു പഴഞ്ചൻ സാരി വലിച്ചുകെട്ടിയിരിക്കുന്നത് കാണാം, ഒപ്പം ഒരു ബോർഡും. ഈ സാരിയുടെ ഉടമയെ തിരിച്ചറിഞ്ഞാൽ മൂവായിരം രൂപ പാരിതോഷികമായി നൽകുമെന്നാണ് ബോർഡിലുള്ളത്. മൂന്നാർ പഞ്ചായത്ത് അധികൃതരാണ് ഇത് സ്ഥാപിച്ചത്. എന്താ ഇതിനുപിന്നിലെന്നല്ലേ?

മാലിന്യങ്ങൾ തള്ളിയ ആളെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം രാവിലെ ശുചീകരണ തൊഴിലാളികളാണ് മൂന്നാർ അമ്പലം റോഡിൽ പാതയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ സാരിയടക്കമുള്ള തരംതിരിക്കാത്ത മാലിന്യങ്ങൾ കണ്ടെത്തിയത്.

ശുചീകരണ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ സ്ഥലത്തെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ വേണ്ടി അദ്ദേഹം തന്നെയാണ് പാരിതോഷികം നൽകാമെന്ന രീതി പരീക്ഷിച്ചത്.