മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം വ്യാഴാഴ്‌ച; ടൈം സ്‌ക്വയറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്ക, ക്യൂബ സന്ദർശനം വ്യാഴാഴ്‌ച ആരംഭിക്കും. ജൂൺ 10ന് ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈം സ്‌ക്വയറിൽ മാരിയറ്റ് മാർക്ക് ക്വീയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്‌പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി ജോയ്, ലോകകേരളസഭ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ജൂൺ ഒൻപതിന് ന്യൂയോർക്കിൽ 9/11 മെമ്മോറിയൽ സന്ദർശിക്കും പിന്നീട് യു.എൻ ആസ്ഥാനവും സന്ദർശിക്കും. 11ന് മാരിയറ്റ് മാർക്ക് ക്വീയിൽ ബിസിനസ് ഇൻവെസ്‌റ്റ്മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രവാസി മലയാളികൾ, ഐടി വിദഗ്ദ്ധർ, വിദ്യാർത്ഥികൾ. വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. അന്ന് വൈകിട്ട് ടൈം സ്‌ക്വയറിൽ പൊതുസമ്മേളനം. ജൂൺ 12ന് വാഷിംഗ്ടൺ ഡിസിയിൽ ലോക ബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയിസറുമായി കൂടിക്കാഴ്‌ച. 13ന് മാരിലാന്റ് വേസ്‌റ്റ് മാനേജ്‌മെന്റ് സംവിധാനം നേരിട്ട് കണ്ട് മനസിലാക്കും.
ജൂൺ 14ന് ന്യൂയോർക്കിൽ നിന്നും ക്യൂബ സന്ദർശനത്തിന് ഹവാനയിലേക്ക് പുറപ്പെടും. ജൂൺ 15,16 തീയതികളിൽ ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജോസ് മാർട്ടി ദേശീയ സ്‌മാരക സന്ദർശനവും പ്രമുഖരുമായി കൂടിക്കാഴ്‌ചയും ഈ സന്ദർശനത്തിലുണ്ടാകും.