കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര പുരസ്‌കാരം
തിരുവനന്തപുരം: ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ട് (യു.ഐ.ടി.പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആർ.ടി.സിക്ക്. സ്‌പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന യു.ഐ.ടി.പി ഉച്ചകോടിയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയും സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ പുരസ്കാരം ഏറ്റുവാങ്ങി.
യു.ഐ.ടി.പി ഏഷ്യ പെസിഫിക് ചെയർമാനും ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയുടെ തലവനുമായ ഹതോഷി സയ്‌മ്യോയാണ് പുരസ്കാരം കൈമാറിയത്.
കഴിഞ്ഞ മൂന്നു വർഷമായി കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന പുനഃക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു.ഐ.ടി.പി യുടെ വിദഗ്ദ്ധ സമിതി കെ.എസ്.ആർ.ടി.സിയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഉച്ചകോടി ഇന്ന് സമാപിക്കും
ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയുടെ ബെയ്ജിങ് പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ, ജക്കാർത്തയിലെ മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
ഇന്നലെ ഇതേ വേദിയിൽ നടന്ന ബസ് ഫ്‌ളീറ്റ് നവീകരണത്തിലെ ഊർജ്ജ പരിവർത്തന തന്ത്രങ്ങൾ എന്ന വിഷയത്തിലെ ചർച്ചയിൽ പാനലിസ്റ്റായും സ്പീക്കറായും ക്ഷണിക്കപ്പെട്ട ബിജു പ്രഭാകർ ഇന്ത്യയിലെ ഊർജ്ജ പരിവർത്തന സാദ്ധ്യതകൾ വിശദീകരിച്ചു.