മെസീ, മകനേ ; മടങ്ങിവരൂ

Wednesday 07 June 2023 2:28 AM IST

ബാഴ്സലോണയിലേക്ക് തിരിച്ചുപോകാനൊരുങ്ങി ലയണൽ മെസി

മെസിയെ തിരിച്ചെത്തിക്കാനുള്ള സാങ്കേതികതടസങ്ങൾ നീക്കി ബാഴ്സ

മാഡ്രിഡ് : രണ്ടുകൊല്ലം മുമ്പ് മനംമടുത്ത് പിണങ്ങിക്കരഞ്ഞുകൊണ്ട് പടിയിറങ്ങിപ്പോയ സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച് ലോകകപ്പ് ജേതാവായ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുമായി വേർപിരിഞ്ഞ മെസി സൗദി ലീഗിലെ വമ്പൻ പ്രതിഫലത്തിന് പിന്നാലെ പായുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചാണ് മെസിയുടെ തീരുമാനം വന്നത്.

കഴിഞ്ഞദിവസം മെസിയുടെ പിതാവാണ് മകൻ ബാഴ്സയിലേക്ക് തിരികെപ്പോകുമെന്ന ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ മെസിയെ തിരിച്ചെത്തിക്കാനുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ ബാഴ്സലോണ ക്ളബ് മേധാവികൾ ലാ ലിഗ അധികൃതരുമായി തുടങ്ങുകയും ചെയ്തു. ഈ ചർച്ചകൾ വിജയകരമായി അവസാനിച്ചതിനുപിന്നാലെ മെസി ബാഴ്സലോണയുടെ ജഴ്സി അണിഞ്ഞുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകകൂടിയായപ്പോൾ ആരാധകർ ആവേശത്തിലായി.

2021ലാണ് മെസി ബാഴ്സ വിട്ടത്. അന്ന് ക്ളബ് മാറുന്നതിന്റെ പേരിൽ മെസിയും ബാഴ്സ അധികൃതരും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. തന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാതിരുന്നതിന്റെ പേരിലാണ് മെസി അന്ന് ക്ളബ് വിട്ടിറങ്ങിയത്. ആറാം വയസിൽ അർജന്റീനയിൽ നിന്ന് കണ്ടെത്തി മികച്ച ചികിത്സയും പരിശീലനവും നൽകി മെസിയെ രൂപപ്പെടുത്തിയെടുത്ത ക്ളബാണ് ബാഴ്സലോണ.