ആൽബി ഡിക്രൂസിന് ഇനി ജ്വലിക്കും ഓർമ്മ
ശംഖുംമുഖം: കേരളത്തിൽ ആദ്യമായി അശോകചക്രയെത്തിച്ച ആൽബി ഡിക്രൂസിന് അന്ത്യയാത്ര പറയാൻ നൂറുകണക്കിന് ആളുകളാണ് ചെറിയതുറയിലെ വീട്ടിലെയത്. ആൽബി നാട്ടുകാർക്ക് സുപരിചിതനാണെങ്കിലും അശോകചക്ര നൽകി രാജ്യം ആദരിച്ച യോദ്ധാവാണെന്ന് പലരും തിരിച്ചറിഞ്ഞത് അടുത്തകാലത്താണ്.
അഞ്ച് വർഷം മുമ്പ് തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ മുൻപ്രതിരോധ മന്ത്രി എ.കെ. ആന്റണി, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് ആൽബിയെ ആദരിച്ചിരുന്നു. മത്സ്യഗ്രാമത്തിൽ ഡൊമനിക്ക് ഡ്രിക്രൂസ് - ലൂസിയ ഡ്രിക്രൂസ് ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമനായ ആൽബി ചെറുപ്പത്തിലേ അസാം റൈഫിളിൽ ചേർന്നു.
ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് നിന്ന നാഗാലാൻഡിലെ ഒളിപ്പോരാളികളുടെ സങ്കേതങ്ങൾ തകർക്കാൻ നിയോഗിക്കപ്പെട്ട ബറ്റാലിയനിലെ റേഡിയോ ഓഫീസറായിരുന്ന ആൽബി. 1960 ഓഗസ്റ്റ് 25ന് കോഹിമയിലെ അസാം റൈഫിളിന്റെ താവളം അഞ്ഞൂറോളം വരുന്ന നാഗ ഒളിപ്പോരാളികൾ വളഞ്ഞു. മൂന്ന് ദിവസത്തെ പോരാട്ടത്തിൽ ജീവൻപേലും അവഗണിച്ച് ആൽബി കാണിച്ച ധീരതയ്‌ക്കാണ് രാജ്യം അശോക ചക്ര നൽകിയത്. ആൽബിയുടെ വീട്ടിലെ ഷോക്കേസിലുള്ള അശോക ചക്രയ്‌ക്ക് ഒപ്പം ലഭിച്ച പ്രശംസാപത്രത്തിൽ ഇക്കാര്യമുണ്ട്. 1962 ഏപ്രിൽ 30 വൈകിട്ട് 4.45ന് രാഷ്ട്രപതി ഭവനിലെചടങ്ങിലാണ് അശോകചക്ര ഏറ്റുവാങ്ങിയത്. ആൽബിയുടെ നിര്യാണത്തിൽ മന്ത്രി ആന്റണിരാജു ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.