ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ശുപാർശകളുമായി ആർ.ബി.ഐ കമ്മിറ്റി മുന്നോട്ട് വച്ച പ്രധാന ശുപാർശകൾ
മുംബയ്: ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിന് റിസർവ് ബാങ്ക് നിയോഗിച്ച കമ്മിറ്റി പുതിയ ശുപാർശകൾ മുന്നോട്ടുവച്ചു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിന് വേണ്ടി മുൻ ഡെപ്യൂട്ടി ഗവർണർ ബി.പി കനുങ്കോയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ട് വച്ച പ്രധാന ശുപാർശകൾ ഇവയാണ്.
- സ്വർണപ്പണയ വ്യവസ്ഥകൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കണം.
- സ്വർണപ്പണയ സ്ഥാപനങ്ങൾ നോമിനിയുടെ വിവരങ്ങൾ ആദ്യംതന്നെ വാങ്ങണം.
- വായ്പയെടുത്തയാൾക്ക് മരണം സംഭവിച്ചാൽ നോമിനിക്ക് നോട്ടിസ് നൽകിയ ശേഷം മാത്രമേ ലേലം നടത്താൻ പാടുള്ളൂ.
-ലേലത്തിൽ അധിക തുക ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ ഉപയോക്താവിന് നൽകണം. വൈകിയാൽ ഇതിന്റെ പലിശയും നൽകണം.
-വായ്പ തിരിച്ചടവ് പൂർത്തിയായാൽ നിശ്ചിത സമയത്തിനുള്ളിൽ ഈടു വച്ച വസ്തുവിന്റെ രേഖകൾ മടക്കിനൽകണം. വീഴ്ച വരുത്തിയാൽ ഉപയോക്താവിന് പിഴത്തുക നൽകണം.
-രേഖകൾ നഷ്ടപ്പെട്ടാൽ പുതിയ രേഖ നേടുന്നതിന് ഉപയോക്താവിനെ സഹായിക്കണം. നഷ്ടപരിഹാരവും നൽകണം.
- രാജ്യത്തെ എല്ലാ നിക്ഷേപ അക്കൗണ്ടുകളിലും മൂന്ന് വർഷത്തിനുള്ളിൽ നോമിനി വിവരങ്ങൾ ഉൾപ്പെടുത്തണം.
-ഉടമയുടെ മരണശേഷം, നോമിനിക്ക് ഓൺലൈനായി പണം ക്ലെയിം ചെയ്യാൻ അവസരം നൽകണം. ഒരു മാസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ 2% പലിശ നൽകണം.
-ഒ.ടി.പിക്ക് സാമന്തരമായി ഫോണിലെ ഫെയ്സ്/ഫിംഗർപ്രിന്റ് സെൻസറുകളിലൂടെയും ഇടപാടിന് സൗകര്യമൊരുക്കണം.
- കെവൈസി വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കിയില്ലെങ്കിലും അക്കൗണ്ട് മരവിപ്പിക്കരുത്.
-മാൽവെയർ തട്ടിപ്പ് തടയാൻ പണമിടപാട് ആപ്പുകൾ തനിയെ ബ്ലാക്ക്–ഔട്ട് ആവുന്ന രീതി തയ്യാറാക്കണം.
- സൈബർ തട്ടിപ്പ് പരാതി ലഭിച്ചാൽ പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ ഉടൻ ബ്ലോക്ക് ചെയ്യണം.
-ബാങ്കിൽ നേരിട്ടെത്തി രേഖകൾ ഹാജരാക്കണമെന്ന് നിർബന്ധിക്കുന്നത് കുറയ്ക്കണം.
- ഉപയോക്താക്കളോട് മോശം പെരുമാറ്റമുണ്ടാകാതിരിക്കാൻ നിർബന്ധ സോഫ്റ്റ് സ്കിൽ ട്രെയിനിങ്.
- പെൻഷൻകാർക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ ഏത് ശാഖയിലും ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
- ഇടപാടിന് പെൻഷൻകാർക്ക് സാധ്യമാകുന്ന മാസം അനുവദിക്കണം.
-വിവരങ്ങൾ അറിയാൻ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഫോൺ നമ്പർ ഒരുക്കണം.