അടുത്ത വർഷം മുതൽ നാല് വർഷ ബിരുദം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വർഷം മുതൽ ബിരുദ പഠനം നാലു വർഷ കോഴ്സാക്കും. മൂന്നു വർഷ പഠനം മതിയെന്നുള്ളവർക്ക് അതുവരെയുള്ള പരീക്ഷകൾ പാസായാൽ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.ആദ്യ സെമസ്റ്ററിൽ നിശ്ചയിക്കുന്ന മുഖ്യവിഷയത്തിനു പുറമെ മറ്റൊരു വിഷയം കൂടി അതേ പ്രാധാന്യത്തോടെ പഠിക്കാം.
നാല് വർഷ പഠനം ഉപരിപഠന രംഗത്തും, വിദേശത്തടക്കം തൊഴിൽമേഖലയിലും ഗുണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു.പ്രവേശനം ലഭിക്കുന്നത് സയൻസിലെ ഏതു വിഷത്തിലായാലും ഇഷ്ടപ്പെട്ട ഇതര സയൻസ് വിഷയത്തിലേക്ക് ആദ്യ രണ്ടു സെമസ്റ്ററിനു ശേഷം മാറാം.ആർട്സ് വിഷയങ്ങളിലും ഇങ്ങനെ ചെയ്യാം. സയൻസ് വിഷയങ്ങൾക്ക് അനുബന്ധമായി ആർട്സ് വിഷയങ്ങൾ തിരഞ്ഞെടുക്കാം.
ഇതെല്ലാം അഡ്മിഷനെടുത്ത കോളേജിൽ തന്നെ പഠിക്കണമെന്നില്ല. ഓൺലൈൻ വഴി മറ്റു യൂണിവേഴ്സിറ്റികളിലോ ഓട്ടോണോമസ് കോളേജുകളിലോ ആവാം. ഇതെല്ലാം പ്രധാന കോഴ്സിന്റെ ഭാഗമാക്കിയാണ് ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നത്.
തൊഴിലധിഷ്ഠിത പരിശീലനവും രണ്ടു മാസത്തെ ഇന്റേൺഷിപ്പും നിർബന്ധം. ആദ്യ മൂന്നു സെമസ്റ്ററുകളിൽ വിഷയ പഠനത്തിനു പുറമേ നാലു ഫൗണ്ടേഷൻ കോഴ്സുകളും.ഇതിനും പരീക്ഷയുണ്ടാവും.
എബിലിറ്റി എൻഹാൻസ്മെന്റ്, മൾട്ടി ഡിസിപ്ലിനറി, വാല്യുആഡഡ്, സ്കിൽ എൻഹാൻസ്മെന്റ് എന്നിവയാണിത്. ചെറിയ ബാച്ചുകളായി തിരിച്ച് പ്രായോഗിക തലത്തിലായിരിക്കും ഇവയുടെ പഠനം. ലിംഗ
സമത്വം, ഭരണഘടനാ മൂല്യങ്ങൾ , കേരളത്തിന്റെ സവിശേഷതകൾ എന്നിവയും ഫൗണ്ടേഷൻ കോഴ്സുകളിൽപ്പെടും. എഴുത്ത്, വായന, പ്രഭാഷണം തുടങ്ങിയ 20 കഴിവുകൾ മെച്ചപ്പെടുത്താനുള്ളതാണിത്. മുഖ്യവിഷയത്തിൽ ആകെ ക്രെഡിറ്റിന്റെ 50%നേടിയാൽ ആ വിഷയത്തിൽ മേജർ ഡിഗ്രി ലഭിക്കും. ഇതര വിഷയത്തിൽ 25%നേടിയാൽ ആ വിഷയത്തിൽ മൈനർ ഡിഗ്രിയാവും. മറ്റൊു വിഷയത്തിൽ 12%നേടിയാൽ മൊത്തം ഉൾപ്പെടുത്തി ഇന്റർ ഡിസിപ്ലിനറി മേജർ ഡിഗ്രിയും കിട്ടും.
കിട്ടുന്നത് ഓണേഴ്സ് ഡിഗ്രി
1. നാലാം വർഷം പൂർത്തിയാക്കിയാൽ ഓണേഴ്സ് ഡിഗ്രിയാണ് കിട്ടുക. ഇവർക്ക് പി.ജിക്ക് രണ്ടാംവർഷത്തേക്ക് നേരിട്ട് പ്രവേശനം നൽകാനാണ് യു.ജി.സി ശുപാർശ. കേരളത്തിൽ തീരുമാനമായിട്ടില്ല.
2. നാലാംവർഷം ഫീൽഡ് ട്രെയിനിംഗ്, സ്പെഷ്യലൈസേഷൻ പേപ്പറുകൾ, സെൽഫ് ലേണിംഗ് സ്കിൽ, കണ്ടിന്യുവസ് ലേണിംഗ് സ്കിൽ തുടങ്ങിയവ പഠിക്കണം. എട്ടാം സെമസ്റ്ററിൽ പ്രോജക്ടുണ്ടാവും. ഓൺലൈൻ കോഴ്സുകളും ചെയ്യാം.
ലക്ഷ്യം വിദേശത്തും തൊഴിൽ
ലോകരാജ്യങ്ങളിൽ നാലുവർഷ ബിരുദ കോഴ്സിനാണ് അംഗീകാരം. തൊഴിൽ മേഖലയിലും ഉന്നത പഠനത്തിനും മലയാളികൾക്ക് കൂടുതൽ അവസരം ലഭിക്കാൻ സാദ്ധ്യത. തൊഴിൽമേഖലയ്ക്ക് വേണ്ടരീതിയിലാണ് കോഴ്സുകൾ. അഭിരുചിക്കനുസരിച്ച് പഠിക്കാം.
'വിദ്യാർത്ഥികൾക്ക് അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാനും പഠിക്കാനും കഴിയണം. അദ്ധ്യാപക കേന്ദ്രീകൃതമാകാതെ ക്ലാസ് മുറികൾ സംവാദാത്മകമാക്കണം. നാലാംതലമുറ വ്യവസായ വിപ്ലവത്തെ ഉൾക്കൊള്ളാൻ ഉന്നതവിദ്യാഭ്യാസത്തിന് കഴിയണം''
- ഡോ.ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസമന്ത്രി