മൂന്നാർ ചൊക്കനാട് എസ്‌റ്റേറ്റിൽ പടയപ്പയുടെ ആക്രമണം; കൊമ്പൻ പലചരക്ക് കടയുടെ വാതിൽ പൊളിച്ചു

Tuesday 06 June 2023 11:59 PM IST

മൂന്നാർ: പട്ടണത്തിൽ സജീവമായ കാട്ടാന പടയപ്പ മൂന്നാർ ചൊക്കനാട് എസ്‌റ്റേറ്റിൽ കടയുടെ നേരെ ആക്രമണം നടത്തി. ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ പുണ്യവേലിന്റെ കടയാണ് കൊമ്പൻ ആക്രമിച്ചത്. കടയുടെ വാതിൽ തകർത്ത പടയപ്പ എന്നാൽ മറ്റ് നാശമൊന്നും വരുത്തിയില്ലെന്നാണ് വിവരം.

ആനയിറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ ആർആർടി സംഘം പടയപ്പയെ തുരത്തി ഓടിച്ചു. നിരവധി തവണ കാട്ടാന ആക്രമണമുണ്ടായ കടയാണ് പുണ്യവേലിന്റെത്. ഇതുവരെ 19 തവണ കട ആനകൾ തകർത്തതായാണ് പുണ്യവേൽ അറിയിക്കുന്നത്.

അതേസമയം ചിന്നക്കനാലിൽ പ്രശ്‌നം സൃഷ്‌ടിച്ചതിനെത്തുടർന്ന് പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച ശേഷം തമിഴ്‌നാട്ടിലെത്തി പ്രശ്‌നം സൃഷ്‌ടിച്ചുവന്ന അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനത്തിനുള്ളിൽ തമിഴ്‌നാട് വനംവകുപ്പ് തുറന്നുവിട്ടു. തുമ്പിക്കൈയിലേറ്റ മുറിവിന് ചികിത്സ നൽകിയ ശേഷമാണ് തമിഴ്നാട് വനം വകുപ്പ് ആനയെ വനത്തിനുള്ളിൽ തുറന്നുവിട്ടത്. 24 മണിക്കൂർ അനിമൽ ആംബുലൻസിൽ കഴിഞ്ഞ അരിക്കൊമ്പനെ തുറന്നുവിടുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.നിലവിൽ ആന ആരോഗ്യവാനാണെന്നാണ് വിലയിരുത്തൽ.