അരിക്കൊമ്പന്റെ രണ്ടാം കാടുമാറ്റം പൂർത്തിയായി; ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക

Wednesday 07 June 2023 12:44 AM IST

തിരുനെൽവേലി (തമിഴ്നാട്): ഒരു ദിവസത്തിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അരിക്കൊമ്പന്റെ രണ്ടാം കാടുമാറ്റം പൂർത്തിയാക്കി തമിഴ്‌നാട് വനംവകുപ്പ്. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽപ്പെട്ട കോടയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. തിരുനെൽവേലി മണിമുത്താർ ഡാമിന് സമീപം മുത്തുക്കുഴിയെന്ന സ്ഥലത്താണ് ഇന്നലെ രാവിലെ 7.30ന് ആനയെ തുറന്നുവിട്ടതായി തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചത്. വൈകിട്ടോടെ ദൗത്യസംഘവും മടങ്ങി. അതേസമയം ഒരു സംഘം ആനയെ നിരീക്ഷിച്ച് മേഖലയിൽ തന്നെ തുടരുകയാണ്. ഡാമിൽ നിന്ന് അരിക്കൊമ്പൻ വെള്ളം കുടിക്കുന്നതിന്റെയും ശരീരം തണുപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. രണ്ടാംദൗത്യം വിജയമെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ അവകാശവാദമെങ്കിലും ആനയുടെ ആരോഗ്യസ്ഥിതിയും പുതിയ വനമേഖലയുമായി പൊരുത്തപ്പെടുമോ എന്നതും ചോദ്യചിഹ്നമായി തുടരുകയാണ്.

തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് തേനിയ്ക്ക് സമീപം പൂശാനംപെട്ടിയിലെ കൃഷിയിടത്തിലിറങ്ങിയ അരിക്കൊമ്പനെ വനംവകുപ്പിന്റെ പ്രത്യേക സംഘം മയക്കുവെടി വച്ചത്. പിന്നീട് ആന മയങ്ങിയ ശേഷം വടംകൊണ്ട് കാലുകൾ ബന്ധിച്ചു. ആറ് മണിയോടെ കമ്പത്ത് നിന്നെത്തിയ കുങ്കിയാനകളെ ഉപയോഗിച്ച് എലിഫന്റ് ആംബുലൻസിൽ കയറ്റി. പിന്നീട് പകൽ മുഴുവൻ പൊരിവെയിലത്ത് യാത്ര. ഇടയ്ക്ക് കുറുമ്പ് കാട്ടിയപ്പോൾ ഉദ്യോഗസ്ഥരുടെ തല്ലും മയക്കാനുള്ള ബൂസ്റ്റർ ഡോസും. രാത്രി 9 മണിയോടെയാണ് 300 കിലോമീറ്റ‌ പിന്നിട്ട് ആനയെ തുറന്നുവിട്ട മുത്തുക്കുഴിയിലെത്തിയത്. മണിമുത്താറിലെ ജനവാസ മേഖലയിൽ നിന്ന് 40 കിലോമീറ്റർ ഉൾക്കാട്ടിലേക്ക് എത്താനായി മണിക്കൂറുകളാണ് എടുത്തത്. പരിശോധനയിൽ ആരോഗ്യം മോശമെന്ന് മനസിലാക്കി ചികിത്സ നൽകിയശേഷം തുറന്നുവിടാൻ തീരുമാനിച്ചു. പിൻകാലുകളിലൊന്നിലും തുമ്പിക്കൈയിലുമുള്ള മുറിവുകളിൽ മരുന്നുവെച്ച ശേഷമാണ് ഇന്നലെ തുറന്നുവിട്ടത്. ഒരു ദിവസത്തിലധികം എലിഫന്റ് ആംബുലൻസിൽ നിന്നതിന്റെ ക്ഷീണം അരിക്കൊമ്പനിൽ വ്യക്തമാണ്. ആന വീഴുന്ന സാഹചര്യം പോലും ഇടയ്ക്ക് വന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ 29നാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. മേയ് 27ന് ഇവിടെ നിന്ന് കമ്പം ടൗണിലെത്തി. ഇതോടെയാണ് വീണ്ടും പിടികൂടി കാടുമാറ്റാൻ തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചത്. ആറ് വർഷത്തിനിടെ അരിക്കൊമ്പനെ ഇത് മൂന്നാം തവണയാണ് മയക്കുവെടി വയ്ക്കുന്നത്. 2017ലെ ദൗത്യം പരാജയപ്പെട്ടിരുന്നു.

Advertisement
Advertisement