അഭിഭാഷക കമ്മിഷനെ ആക്രമിച്ചവർക്ക് ജാമ്യം
Wednesday 07 June 2023 1:50 AM IST
കൊച്ചി: സിവിൽ കേസിൽ മുൻസിഫ് കോടതി നിയോഗിച്ച വനിതാ അഭിഭാഷക കമ്മിഷനെയും ക്ളാർക്കിനെയും ആക്രമിച്ച കേസിൽ നെയ്യാറ്റിൻകര വിളപ്പിൽ സ്വദേശി സാനു, കൊല്ലം കിളികൊല്ലൂർ സ്വദേശി മഹേഷ് ലാൽ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വർക്കല മുൻസിഫ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് സ്ഥല പരിശോധനയ്‌ക്കെത്തിയ കമ്മിഷനെയും ക്ളാർക്കിനെയും തടഞ്ഞു വച്ച് ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് കേസ്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ഇവർ 50 ദിവസമായി കസ്റ്റഡിയിലാണെന്ന വാദം കണക്കിലെടുത്താണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.