രാജ്യത്തെ ഏറ്റവും വലിയ വേട്ട 15,000 എൽ.എസ്.ഡി ലഹരി സ്റ്റാമ്പ് പിടിച്ചു

Wednesday 07 June 2023 1:51 AM IST

ന്യൂ ഡൽഹി : കേരളത്തിൽ വേരുള്ള വൻ ലഹരിമാഫിയാ സംഘത്തിൽ നിന്ന് 15,000 എൽ.എസ്.ഡി സ്റ്റാമ്പുകളടക്കം പിടിച്ചെടുത്ത് നാർക്കോർട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആറുപേർ ഡൽഹിയിൽ അറസ്റ്റിലുമായി. ഇതിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഒറ്റ ഓപ്പറേഷനിലൂടെ ഇത്രയും വലിയ എൽ.എസ്.ഡി സ്റ്റാമ്പ് വേട്ട രാജ്യത്ത് ആദ്യമാണ്.

വിദേശത്ത് നിന്നെത്തിച്ച രണ്ടരക്കിലോ കഞ്ചാവും, 4.65 ലക്ഷം രൂപയും, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എൽ.എസ്.ഡി സ്റ്റാമ്പുകൾക്ക് 10.5 കോടി വിലയുണ്ട്.

ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബ് മുഖേനയാണ് സംഘം പ്രവർത്തിക്കുന്നത്. ലഹരി ഇടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കച്ചവടത്തിന്റെ ചുരുളഴിഞ്ഞത്. സംഘത്തലവനെ ജയ്പുരിൽ നിന്നാണ് പിടികൂടിയത്.

കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ,​ ഡൽഹി സംസ്ഥാനങ്ങളിൽ ലഹരി സംഘത്തിന് കണ്ണികളുണ്ട്. പോളണ്ട്, നെതർലൻഡ്സ്, യു.എസ് തുടങ്ങി വിദേശ രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം നീളുന്നതായി നാർക്കോർട്ടിക്‌സ് കൺട്രോൾ ബ്യൂറൊ നോർത്തേൺ റേഞ്ച് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു.

ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്നാൽ, എൽ.എസ്.‌ഡി 0.2 ഗ്രാം കൈയിൽ വച്ചാലും ജാമ്യം കിട്ടില്ല. ഇതിനേക്കാൾ 2500 മടങ്ങ് അധികമാണ് ഡൽഹിയിൽ പിടിച്ചെടുത്ത എൽ.സി.ഡി സ്റ്റാമ്പുകളിലെ ലഹരിയുടെ അളവ്.

മുൻപ് 5000 സ്റ്റാമ്പ് വരെ

രാജ്യത്ത് ഇതിന് മുൻപ് 5000 എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒറ്റ ഓപ്പറേഷനിൽ പിടിച്ചെടുത്തിട്ടുണ്ട്. 2021ൽ കർണാടക പൊലീസും, 2022ൽ കൊൽക്കത്ത നാർക്കോർട്ടിക്‌സ് കൺട്രോൾ ബ്യൂറൊയുമാണ് ഇത്രയും സ്റ്റാമ്പുകൾ വീതം കണ്ടെത്തിയത്

എൽ.എസ്.ഡി

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന രാസവസ്തു. ഉപയോഗിക്കുന്നയാളിന്റെ ചിന്തയെ ഇത് മാറ്റിമറിക്കും. ഏറെ സമയം നീണ്ടു നിൽക്കുന്ന ഉന്മാദാവസ്ഥ. കൈമാറ്റവും ഉപയോഗവും എളുപ്പത്തിലാക്കാനാണ് സ്റ്റിക്കർ രൂപത്തിലാക്കുന്നത്. സ്റ്റാമ്പ് നാവിനടിയിൽ ഒട്ടിക്കുകയാണ്. നിരന്തര ഉപയോഗം വിഷാദം, അകാരണമായ ഭീതി എന്നിവയിൽ കൊണ്ടെത്തിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെയും കാഴ്ചയെയും ബാധിക്കും.

Advertisement
Advertisement