ഇന്ദ്ര ഈ മാസം എത്തും, ഉദ്ഘാടനം മുഖ്യമന്ത്രി

Thursday 08 June 2023 2:27 AM IST

കൊച്ചി: രാജ്യത്തെ ആദ്യ സോളാർ ക്രൂസ് ബോട്ടായ ഇന്ദ്രയുടെ നിർമ്മാണം അവസാനഘട്ടത്തിൽ. ഒരു ബാറ്ററി മോഡ്യൂൾ കൂടി ഘടിപ്പിച്ചാൽ ബോട്ട് സർവീസിന് സജ്ജമാകും. നി‌ർമ്മാണ സാമഗ്രികൾ ഫ്രാൻസിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ മാസം അവസാനം മുഖ്യമന്ത്രി ബോട്ട് നാടിന് സമർപ്പിക്കും. ഇതോടൊപ്പം കായലിലെ അഞ്ചാമത്തെ ഇരട്ട ഹള്ളുള്ള കറ്റാമരൻ ബോട്ടും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇന്ദ്ര

രണ്ടുനിലകളുള്ള ബോട്ടാണ് ഇന്ദ്ര. താഴത്തെനില എ.സിയാണ്. 100 സീറ്റുണ്ട്. മുകളിൽ യോഗങ്ങളും പരിപാടികളും നടത്താം. ഇവിടെ കുടുംബശ്രീയുടെ ഭക്ഷണവും ഉണ്ടാകും. തൊഴിലാളികളുടെ ശമ്പളമടക്കം പ്രതിദിനം 4000 രൂപയോളമേ ബോട്ടിന്റെ നടത്തിപ്പിന് വേണ്ടിവരൂ. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് മണിക്കൂർ വീതം മൂന്ന് ട്രിപ്പുണ്ടാകും. കൊച്ചി മുഴുവനായി കറങ്ങി വരുന്ന രീതിയിലാണ് സർവീസ് തീരുമാനിച്ചിരിക്കുന്നത്. ആവശ്യക്കാർക്ക് ബുക്ക് ചെയ്ത് ഉപയോഗിക്കാം. 350- 400 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. അരൂർ സെഞ്ച്വറി യാർഡിലാണ് നിർമ്മാണം. കളമശേരിയിലെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് കമ്പനിയാണ് രൂപകല്പനയും നിർമ്മാണവും. മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാം. ഇതിനായി 40 കിലോവാട്ട് വീതമുള്ള രണ്ട് ബാറ്ററികളുണ്ട്.

പ്രത്യേകതകൾ

വലിപ്പം: 25 മീറ്റർ നീളം, 7മീറ്റർ വീതി.

കരുതൽ ഊർജം: 100 കിലോവാട്ട്.

വേഗം: 7 നോട്ടിക്കൽമൈൽ

നിർമാണച്ചെലവ്: 3.75 കോടി

കറ്രാമരൻ ബോട്ട്

കറ്റാമരൻ പാസഞ്ചർ ബോട്ടിലും നൂറാണ് സീറ്റിംഗ് കപ്പാസിറ്റി. ചെലവ് കുറഞ്ഞതും എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയതാണ് പുതിയ ബോട്ട്. പഴയ ബോട്ടുകൾക്ക് പകരമായാണ് കറ്റാമരൻ ബോട്ടുകൾ എത്തുന്നത്. ബോട്ടിന്റെ നിർമ്മാണവും ട്രയൽ റണ്ണും പൂർത്തിയായി. ആദ്യഘട്ടത്തിൽ ഏഴ് ബോട്ടുകൾക്കാണ് സർക്കാർ അനുമതി ലഭിച്ചത്. 2021-22 വർഷങ്ങളിലായി നാല് ബോട്ടുകൾ നിർമ്മിച്ച് സർവീസ് ആരംഭിച്ചു. ഇനിയുള്ള രണ്ട് ബോട്ടുകൾ ഡിസംബറിൽ എത്തും. ഇവയുടെ ടിക്കറ്റ് നിരക്കിൽ മാറ്രമില്ല. പഴയ ബോട്ടുകൾ തുരുമ്പെടുത്ത് നശിക്കുന്നത് വ്യാപകമായതോടെയാണ് ഇരട്ട എൻജിനുള്ള കറ്റാമരൻ ഡീസൽ ഫൈബർ ബോട്ടുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. അരൂരിലെ പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ് ബോട്ടിന്റെ രൂപ കല്പനയും നിർമ്മാണവും. 1.45 കോടി രൂപയാണ് ചെലവ്. 20 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്. മണിക്കൂറിൽ ഏഴ് നോട്ടിക്കൽ മൈലാണ് വേഗത. ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിശോധനയോടെയാണ് ബോട്ട് നിർമ്മാണം പൂർത്തിയാക്കിയത്. ബാക്കി രണ്ട് ബോട്ടുകളും ഈ വർഷം പുറത്തിറങ്ങും.

ബോട്ടിന്റെ പ്രത്യേകതകൾ

സീറ്റിംഗ് കപ്പാസിറ്റി 100

നിർമ്മാണച്ചെലവ് 1.45 കോടി

വലിപ്പം നീളം: 20 മീറ്റർ, വീതി: 7 മീറ്റർ

വേഗം: 7 നോട്ടിക്കൽ മൈൽ