വനത്തിൽ അതിക്രമിച്ച് കയറി ഫോട്ടോയെടുക്കാൻ ശ്രമം; പിന്നാലെ ഓടിച്ച് കാട്ടാന, വീഡിയോ വെെറൽ

Wednesday 07 June 2023 7:51 PM IST

മുത്തങ്ങ: ഫോട്ടോ പകർത്താൻ ശ്രമിച്ച യുവാവിനെ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചു. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ യുവാവാണ് തലനാരിഴയ്ക്ക് ആനയുടെ ആക്രണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റോഡിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബഹളം വച്ചതിനെ തുടർന്നാണ് ആന പിന്തിരിഞ്ഞ് പോയത്. മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ് 4000രൂപ പിഴയിടാക്കി.

ഈ പ്രദേശത്ത് വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നും വനംവകുപ്പിന്റെ കർശന നിർദ്ദേശമുണ്ട്. ഇവിടെയാണ് തമിഴ്‌നാട് സ്വദേശികൾ വാഹനം നിർത്തിയത്. ഇതിലൊരാൾ ആനയുടെ ഫോട്ടോയെടുക്കാൻ വനത്തിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. യുവാവിനെ കണ്ട ആന ഇയാളെ ആക്രമിക്കാൻ പിറകെ ഓടി. എന്നാൽ വന്യജീവി സങ്കേതത്തിലെ സഫാരി ബസിലെ ജനങ്ങൾ ഇത് കണ്ട് നിലവിളിക്കുകയായിരുന്നു. തുടർന്നാണ് ആന പിന്തിരിഞ്ഞത്. യുവാവിന്റെ പിന്നാലെ ഓടുന്ന ആനയുടെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്.