നമ്മുടെ വീട്ടിലെ പശുക്കൾ ആഗോളതാപനത്തിന് കാരണമാണോ? ശാസ്‌ത്രീയ പഠനത്തിൽ തെളിഞ്ഞത് ഇങ്ങനെ

Wednesday 07 June 2023 9:27 PM IST

തൃശൂർ: ശാസ്ത്രീയമായി പശുക്കൾക്കും എരുമകൾക്കും മറ്റും കാലിത്തീറ്റ നൽകിയാൽ ആഗോളതാപനം 30 ശതമാനത്തിലേറെ കുറയ്ക്കാമെന്ന് പഠനം. കന്നുകാലികളിൽ ദഹനപ്രക്രിയയുടെ ഭാഗമായി മീഥേൻ പുറന്തള്ളുന്നതാണ് ആഗോള താപനത്തിനുള്ള കാരണങ്ങളിലൊന്ന്.


അസിഡിറ്റിയുടെ ഭാഗമായുണ്ടാകുന്ന മീഥേൻ കന്നുകാലികളുടെ ശ്വാസത്തിലൂടെയും ചാണകത്തിലൂടെയുമാണ് പുറന്തള്ളുക. നിറവും മണവുമില്ലാത്ത ഈ വാതകം സൂര്യരശ്മികളെ ആഗിരണം ചെയ്ത് അന്തരീക്ഷ ഊഷ്മാവ് വർദ്ധിപ്പിക്കുന്നു. മീഥേൻ കുറച്ചാൽ താപനം കുറയ്ക്കാം. ഇതിന് ദഹനപ്രക്രിയ എളുപ്പമാക്കുന്ന, അസിഡിറ്റിയുണ്ടാക്കാത്ത തീറ്റ നിശ്ചിത അനുപാതത്തിൽ നൽകണമെന്നാണ് വെറ്ററിനറി സർവകലാശാല അസി. പ്രൊഫ. ഡോ. മുഹമ്മദ് എളയിടത്തുമീത്തലും ഇംഗ്ലണ്ടിലെ റോത്താംസ്റ്റഡ് റിസർച്ചിലെ പ്രൊഫ. മൈക്കിൾ ലീയും ചേർന്ന് കണ്ടെത്തിയത്.

ഗവേഷണഫലം 'അനിമൽ' എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു. നാരുകൾ (ഫൈബർ) കൂടുതലടങ്ങിയ തീറ്റയുടെ അനുപാതം പിന്നീട് പ്രസിദ്ധീകരിക്കും. ലോകത്ത് ഏറ്റവുമധികം പശുക്കളും പാലുത്പാദനവുമുള്ള ഇന്ത്യയിൽ അനുപാതം കണ്ടെത്താൻ പ്രത്യേക പഠനം വേണം. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്പാദനവും പശുക്കളുമുള്ള ഇന്ത്യയിൽ പാൽ കൂടുതലും മീഥേൻ പുറന്തള്ളൽ കുറവുമുള്ള തീറ്റയാണ് ക്രമീകരിക്കേണ്ടത്. പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി 2017ലാണ് ഡോ. മുഹമ്മദ്, ഹാർപ്പർ ആഡംസ് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വി.സി കൂടിയായ മൈക്കിൾ ലീയുമായി കൈകോർത്തത്. ഗ്രീൻഫീഡ് എന്ന ഒട്ടോമാറ്റിക് ഉപകരണത്തിൽ ഘടിപ്പിച്ച പാത്രത്തിൽ തീറ്റ നൽകുമ്പോൾ മീഥേൻ പുറന്തള്ളുന്നത് തത്സമയം അളന്നു. ലോകത്താദ്യമായിരുന്നു ഈ പരീക്ഷണം. ആറ് വർഷത്തിൽ 700 പശുക്കളെ നിരീക്ഷിച്ചു.


ആഗോള താപനം

അന്തരീക്ഷത്തിൽ കാർബൺ ഡയോക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ വർദ്ധിക്കുമ്പോഴാണ് ആഗോള താപനമുണ്ടാകുന്നത്. ചൂടിനെ ഈ വാതകം ആഗിരണം ചെയ്ത് താപനില വർദ്ധിപ്പിക്കുന്നു.


കൂടുതൽ പാൽ ലക്ഷ്യമിടുന്ന ഇന്ത്യയിൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുമ്പോൾ എത്ര മീഥേനെന്ന തോതിൽ പഠിക്കണം. അതിനനുസരിച്ച് തീറ്റയിൽ ഫൈബർ, കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തണം.

ഡോ. മുഹമ്മദ്, വെറ്ററിനറി സർവകലാശാല.