പരീക്ഷാ വിവാദം, ആർഷോ പച്ചപ്പാവമെന്ന് മഹാരാജാസ് പ്രിൻസിപ്പൽ
കെ.എസ്.യു മാർച്ചിൽ സംഘർഷം
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ എഴുതാത്ത പരീക്ഷയിൽ ജയിപ്പിച്ച മഹാരാജാസ് കോളേജ് അധികൃതർ വെള്ളപൂശാനും ശ്രമം തുടങ്ങി.
ആർഷോ ഡിഗ്രി മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടി പരീക്ഷാഫീസ് അടച്ചെന്ന് ഇന്നലെ രാവിലെ പറഞ്ഞ പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയ് ഉച്ചയ്ക്ക് മാറ്റിപ്പറഞ്ഞു. ആർഷോ നാലാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്നും ഫീസ് അടച്ചിട്ടില്ലെന്നുമാണ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. ആർഷോ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ കെ.എസ്.യു മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഒട്ടേറെ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്ന് ഡോ. ജോയ് പറയുന്നു. കോളേജിലെ പരീക്ഷാ കൺട്രോളറോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. പരീക്ഷാ ഡേറ്റകൾ നിയന്ത്രിക്കുന്ന നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ സാങ്കേതിക പിഴവാണ് പ്രശ്നമായത്. മുമ്പും സൈറ്റിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ പലവട്ടം പരാതിപ്പെട്ടിട്ടുമുണ്ട്. ആർഷോയുടെ ഫലം തെറ്റായി വരാൻ കാരണം സാങ്കേതികപ്പിഴവാണെന്ന് ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലും പ്രിൻസിപ്പൽ വ്യക്തമാക്കി.
പ്രിൻസിപ്പലിന്റെ ആദ്യ വിശദീകരണത്തെ രൂക്ഷമായി വിമർശിച്ച് ആർഷോ ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് പ്രിൻസിപ്പലിന്റെ മലക്കം മറിച്ചിൽ. 2021 ബാച്ചിനോടൊപ്പം പരീക്ഷയ്ക്ക് അപ്ലൈ ചെയ്തെന്ന് തെളിയിക്കാൻ ഫീസ് രസീതും ആപ്ലിക്കേഷൻ ഫോറവും പുറത്തുവിടാനാണ് ആർഷോ വെല്ലുവിളിച്ചത്.
ആർഷോ എറണാകുളം ലാ കോളേജിലെ അഞ്ച് വർഷ കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് മഹാരാജാസിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്സിന് ചേർന്നത്. ഇപ്പോൾ മൂന്നാം വർഷ വിദ്യാർത്ഥിയാണ് .
ആരോപണ ലക്ഷ്യം
എസ്.എഫ്.ഐ: ആർഷോ
തനിക്കെതിരായ ആക്രമണം എസ്.എഫ്.ഐയെ ലക്ഷ്യം വച്ചാണെന്ന് ആർഷോ പറഞ്ഞു. 2020 ബാച്ചിലാണ് മഹാരാജാസിൽ ചേർന്നത്. മൂന്നാം സെമസ്റ്ററിലെ അഞ്ച് പരീക്ഷകളും എഴുതിയിട്ടില്ല. 2022 ഒക്ടോബറിൽ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പരീക്ഷ എഴുതിയിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രചരിപ്പിക്കുന്ന മാർക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാർത്ഥികളുടെ റെഗുലർ പരീക്ഷയുടേതാണ്. അതിന് ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. കെ.എസ്.യു നേതാവായ വിദ്യാർത്ഥിനിയുടെ റീവാല്യൂവേഷൻ റിസൾട്ടുമായി ബന്ധപ്പെട്ട പരാതിയിൽ ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്ററെ സ്ഥാനത്തു നിന്ന് നീക്കിയതാണ് എനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ.