നിയമവകുപ്പിലെ പ്രൊമോഷൻ തടഞ്ഞെന്നത് അടിസ്ഥാനരഹിതം

Thursday 08 June 2023 4:15 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് പുറത്ത് ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ നിയമവകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്ന് 17 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം കുരുക്കിലായെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിയമവകുപ്പിലെ സീനിയറായ ഈ ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഗസ്റ്റ് 28ന് ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയിരുന്നു. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാവുന്നതിന് രണ്ടുമാസം മുമ്പ് അടുത്ത നിയമനത്തിനായി പരിഗണിക്കാൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ധനവകുപ്പ് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ട്. അതുപ്രകാരം കഴിഞ്ഞ വർഷം ജൂണിൽ ഈ ഉദ്യോഗസ്ഥൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തുനൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.

ആഗസ്റ്റ് 29ന് ഈ ഉദ്യോഗസ്ഥൻ മാതൃവകുപ്പിൽ തിരിച്ചെത്തിയപ്പോഴും ഫയലിൽ തീരുമാനം ആയിരുന്നില്ല. തുടർന്ന് 58 ദിവസത്തോളം തുടർനിയമനം ലഭിക്കാതെ പുറത്തുനിന്നു. ഇക്കാലയളവിൽ ജൂനിയറായ ഉദ്യോഗസ്ഥർ സ്‌പെഷ്യൽ സെക്രട്ടറി പോസ്റ്റിൽ തുടരുമ്പോഴാണ് ഇദ്ദേഹം നിയമനത്തിനായി കാത്തുനിന്നത്. മാതൃവകുപ്പിൽ തിരിച്ചെത്തുന്ന ഉദ്യോഗസ്ഥന് തുടർനിയമനം നൽകുകയാണ് നിയമപരമായി ചെയ്യേണ്ടത്.

എന്നാൽ, 58 ദിവസം അവധിയെടുക്കാനായിരുന്നു ബന്ധപ്പെട്ടവരുടെ നിർദ്ദേശം. അത് സർവീസ് റൂളിന് വിപരീതമായതിനാൽ ഈ ഉദ്യോഗസ്ഥൻ ധന, നിയമ മന്ത്രിമാർക്ക് പരാതി നൽകി. ഉദ്യോഗസ്ഥന്റെ കാത്തിരിപ്പ് കാലയളവ് ക്രമപ്പെടുത്താനായിരുന്നു ധനമന്ത്രിയുടെ നിർദ്ദേശം. അത്രയുംകാലം ജൂനിയറായ ഉദ്യോഗസ്ഥർ സ്‌പെഷ്യൽ സെക്രട്ടറി തസ്തികയിൽ ശമ്പളം വാങ്ങുന്നുണ്ടായിരുന്നു.

സർക്കാരിന് സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനായാണ് 58 ദിവസത്തേക്ക് സ്‌പെഷ്യൽ സെക്രട്ടറി തസ്തികയിൽ സ്ഥാനക്കയറ്റം നടത്തേണ്ടെന്ന് ധനമന്ത്രി നിർദ്ദേശിച്ചത്. ഇതിനെയാണ് സ്ഥാനക്കയറ്റം പ്രതിസന്ധിയിലാക്കിയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു.

Advertisement
Advertisement