ജീവനക്കാരുടെ പ്രൊമോഷൻ ഇല്ലാതാക്കരുത്: സെക്ര. അസോ.

Thursday 08 June 2023 1:52 AM IST

തിരുവനന്തപുരം: കെ.എ.എസ് വിപുലീകരിക്കുന്നതിനുവേണ്ടി ഡെപ്യൂട്ടേഷൻ തസ്തികകൾ കവർന്നെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി കെ.ബിനോദും പ്രതിഷേധിച്ചു. രണ്ടാം ഗസറ്റഡ് തസ്തിക മുതൽ മുകളിലേക്കുള്ള 10ശതമാനം നേരത്തേ കെ.എ.എസിനായി നീക്കിവച്ചതാണ്. അണ്ടർ സെക്രട്ടറി തലത്തിൽ മാത്രം 18തസ്തികകളാണ് സെക്രട്ടേറിയറ്റ് സർവീസിൽ മാറ്റിയത്. ഡെപ്യൂട്ടേഷൻ തസ്തികകൾ കൂടി കെ.എ.എസിലേക്ക് കൊണ്ടുപോകുമ്പോൾ ഒട്ടേറെ തസ്തികകൾ നഷ്ടപ്പെടും. നിലവിൽ രണ്ട് പതിറ്റാണ്ടിലധികം സർവീസുള്ളവർക്കാണ് ഡെപ്യൂട്ടേഷൻ നൽകുന്നത്. വർഷങ്ങളുടെ സർവീസിലൂടെ ആർജിച്ചെടുത്ത അനുഭവ സമ്പത്തും വൈദഗ്ദ്ധ്യവും വേണ്ടെന്ന് വച്ച് ജീവനക്കാരുടെ പ്രൊമോഷൻ സ്വപ്നങ്ങൾ ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് അസോസിയേഷൻ നേതൃത്വം നൽകുമെന്നും ഇരുവരും പറഞ്ഞു.

Advertisement
Advertisement