'അരിക്കൊമ്പൻ ഉത്രം' വഴിപാടുമായി ഭക്തർ

Thursday 08 June 2023 4:15 AM IST

തൊടുപുഴ: 'അരിക്കൊമ്പൻ, നക്ഷത്രം ഉത്രം"- കഴിഞ്ഞ ദിവസം കുമളി ശ്രീദുർഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ മൃഗസ്നേഹി നടത്തിയ അർച്ചനയുടെയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുടെയും രസീതിലെ രേഖയാണിത് . അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനുമായി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടും കഴിപ്പിക്കുന്നത് തുടരുകയാണ്. അതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പനായി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തി.

അരിക്കൊമ്പനെ ജന്മനാടായ ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയപ്പോൾ മുതൽ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതൽ മൃഗങ്ങളോടുള്ള സ്‌നേഹമാണ് അരിക്കൊമ്പനായി വഴിപാട് കഴിപ്പിക്കാൻ പ്രേരിപ്പിച്ചത്. കാട്ടാനയ്ക്കായി വഴിപാട് നടത്തണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും നിന്നു. അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാലിൽ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാൻ വിഭാഗത്തിൽപ്പെട്ട അഞ്ച് കുടികളിലുള്ളവരാണ് സമരത്തിലുള്ളത്.

Advertisement
Advertisement