നെൽ വില: ഇതുവരെ വിതരണം ചെയ്തത് 155 കോടി രൂപ

Thursday 08 June 2023 3:40 AM IST

കൊച്ചി: നെല്ലിന്റെ വില കർഷകന് നൽകുന്നതിനുള്ള തടസങ്ങൾ നീങ്ങിയെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു. ഇന്നലെ വരെ 155 കോടി രൂപ വിതരണം ചെയ്തു.

നെല്ലു വില കർഷകർക്ക് നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർക്കാർ ഇടപെടലുകളിലൂടെ 700 കോടി രൂപ പി.ആർ.എസ് വായ്പയായി എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. കർഷകരുടെ വിവരങ്ങൾ ബാങ്കുകൾക്ക് സപ്ളൈകോ കൈമാറിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവ തുക വിതരണം ചെയ്തിരുന്നില്ല. തടസ്സങ്ങൾ പരിഹരിച്ചശേഷമാണ് പി.ആർ.എസ് വായ്പയായി തുക വിതരണം ചെയ്തുതുടങ്ങിയത്. കാനറാ ബാങ്ക് വഴി 10,​955 കർഷകർക്ക് 129 കോടി രൂപയും എസ്.ബി.ഐ വഴി 125 കർഷകർക്ക് രണ്ട് കോടി രൂപയും, ഫെഡറൽ ബാങ്ക് വഴി 1,​743 കർഷകർക്ക് 23.65 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.

Advertisement
Advertisement